India
ഛത്തീസ്ഗഢിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
India

ഛത്തീസ്ഗഢിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

Web Desk
|
23 May 2024 1:08 PM GMT

നാരായൺപൂർ-ബിജാപൂർ ജില്ലാ അതിർത്തിയിലാണ് ​ഏറ്റുമുട്ടൽ നടന്നത്

നാരായൺപൂർ: നാരായൺപൂർ-ബിജാപൂർ ജില്ലാ അതിർത്തിയിലെ വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. രാവിലെ 11 മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം തെരച്ചിലിന് ഇറങ്ങിയതിന് പിന്നാലെയാണ് വെടിവെപ്പ് ആരംഭിച്ചതെന്ന് നാരായൺപൂർ എസ്.പി പ്രഭാത് കുമാർ പറഞ്ഞു.

ഇപ്പോഴും ഇടയ്ക്കിടെ വെടിവയ്പ്പ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടലിൽ ഇതുവരെ മാവോയിസ്റ്റ് യൂണിഫോം ധരിച്ച ഏഴ് പേർ​ കൊല്ലപ്പെട്ടതായി എസ്.പി പറഞ്ഞു.

ദന്തേവാഡ, നാരായൺപൂർ, ബസ്തർ ജില്ലകളിലെ പൊലീസ്, മാവോയിസ്റ്റ് വിരുദ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഏഴ് തോക്കുകൾ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.

ഇതോടെ ഈ വർഷം 112 നക്‌സലൈറ്റുകളാണ് സംസ്ഥാനത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. ഏപ്രിൽ 30 ന് നാരായൺപൂർ, കാങ്കർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഏപ്രിൽ 16 ന് കാങ്കർ ജില്ലയിൽ നടന്ന വെടിവയ്പിൽ സുരക്ഷാ സേന 29 നക്സലൈറ്റുകളെ വധിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Tags :
Similar Posts