ലൈംഗികാതിക്രമം: അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ എച്ച് .ഡി രേവണ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി
|അതിജീവിതയെ എസ്ഐടി രക്ഷപ്പെടുത്തി
ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പിടിയിലായ മുൻ മന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച് .ഡി രേവണ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോയ ലൈംഗികാതിക്രമത്തിന് ഇരയായ അതിജീവിതയെ എസ്ഐടി രക്ഷപ്പെടുത്തി. മൈസൂരു ജില്ലയിലെ കലേനഹള്ളിയിലുള്ള രേവണ്ണയുടെ അടുത്ത അനുയായിയായ രാജഗോപാലിൻ്റെ ഫാം ഹൗസിൽ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരെ ബംഗളൂരുവിലേക്ക് മാറ്റി. ഫാമിലെ സഹായിയെയും കസ്റ്റഡിയിലെടുത്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
നേരത്തെ രേവണ്ണയുടെ സഹായിയായ സതീഷ് ബാബണ്ണയെ കസ്റ്റഡിയിലെടുത്തിരുന്നു. രേവണ്ണയെ നാളെ കോടതിയിൽ ഹാജരാക്കിയേക്കും.ലൈംഗികാരോപണ പരാതിക്ക് പിന്നാലെ രാജ്യം വിട്ട ജെ ഡി എസ് എംപി പ്രജ്വൽ രേവണ്ണ എവിടെയാണെന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും. അന്വേഷണത്തിന്റെ ഭാഗമായി ഹോളനരസിപുരയിലെ രേവണ്ണയുടെ വസതിയിൽ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തി. റെയ്ഡിനിടെ ജെ ഡി എസ് പ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയായി. ലൈംഗികാരോപണം നേരിടുന്ന പ്രജ്വല്‍ രേവണ്ണക്കും എച്ച്.ഡി. രേവണ്ണക്കും എതിരെ പുതിയ രണ്ടാമത്തെ ലുക്ക് ഔട്ട് നോട്ടീസ് കർണാടക സർക്കാർ പുറത്തുവിട്ടിരുന്നു. ഹാസന്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമാണ് പ്രജ്വല്‍ രേവണ്ണ.
പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ പരാതികള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയാണ് കഴിഞ്ഞ ദിവസം പരാതിയുമായി രംഗത്തെത്തിയത്. തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യം പകര്‍ത്തിയെന്നയിരുന്നു വനിതാ നേതാവിന്റെ പരാതി. മൂന്നുവര്‍ഷത്തോളം പീഡനം തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നുണ്ട്.