ലൈംഗികാതിക്രമക്കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ ലുക്കൗട്ട് നോട്ടീസ്
|പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രജ്വൽ അഭിഭാഷകൻ മുഖേന അപേക്ഷ നൽകിയിരുന്നു
ന്യൂഡല്ഹി: ലൈംഗികാതിക്രമക്കേസിൽപ്പെട്ട് രാജ്യം വിട്ട ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിവോടെയാണു പ്രജ്വൽ രാജ്യം വിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രജ്വൽ രേവണ്ണ അഭിഭാഷകൻ മുഖേന അപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയാണ് എസ് ഐ ടി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയുടെ അറിവോടെയാണ് പ്രജ്വൽ രാജ്യം വിട്ടതെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ അന്വേഷണം വൈകിപ്പിച്ച് രക്ഷപ്പെടാൻ കർണ്ണാടക സർക്കാൻ അവസരമൊരുക്കിയെന്ന് ബി.ജെ.പി പറയുന്നു. നേരത്തെ വിവരമറിഞ്ഞിട്ടും പ്രജ്വലിനെ സ്ഥാനാർഥിയാക്കി വേദി പങ്കിട്ടത് മോഡിയുടെ കാപട്യത്തിനു തെളിവാണെന്ന് നടൻ പ്രകാശ് രാജ് പറഞ്ഞു.
പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രജ്വലിന് രക്ഷപ്പെടാനുള്ള പദ്ധതി തയ്യാറാക്കിയത് ദേവഗൗഡയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനു ശേഷമാണു കേസ് പുറത്ത് വന്നതെങ്കിലും മുൻപ് തന്നെ ഹാസനിലും മറ്റും വീഡിയോ പ്രചരിച്ചിരുന്നു. ഈ മാസം 7നു നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ പ്രജ്വൽ കേസ് വൻ തിർച്ചടിയാകുമെന്ന് ഭയത്തിലാണ് ബി.ജെ.പി.