'സിഖുകാരെ മോശമായി ചിത്രീകരിക്കുന്നു'; കങ്കണയുടെ 'എമര്‍ജന്‍സി' നിരോധിക്കണമെന്ന് സിഖ് സംഘടന
|കങ്കണയ്‌ക്കെതിരെ കേസെടുക്കണമെന്ന് എസ്ജിപിസി അധ്യക്ഷൻ ഹർജിന്ദർ സിങ് ധാമി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു
ഡല്‍ഹി: അടിയന്തരാവസ്ഥ പ്രമേയമാക്കി ബോളിവുഡ് നടി കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന 'എമര്‍ജന്‍സി' നിരോധിക്കണമെന്ന ആവശ്യവുമായി സിഖ് സംഘടനകള്‍. സിനിമയില്‍ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പ്രസിഡൻ്റ് ഹർജീന്ദർ സിംഗ് ധാമിയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയത്.
സിഖുകാരുടെ മിനി പാർലമെൻ്റ് എന്നറിയപ്പെടുന്ന എസ്‌ജിപിസി ലോകമെമ്പാടുമുള്ള സിഖുകാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ്. സിഖ് വിരുദ്ധ, പഞ്ചാബ് വിരുദ്ധപ്രയോഗങ്ങൾ കാരണം വിവാദത്തിലായ നടി കങ്കണ റണാവത്ത് ഈ സിനിമ നിർമിച്ചിരിക്കുന്നത് സിഖുകാരെ ബോധപൂർവംഅപമാനിക്കുക എന്ന ഉദ്ദേശത്തോടെയാണ്, ഇത് സിഖ് സമൂഹത്തിന് സഹിക്കാൻ കഴിയില്ലെന്ന് ഹർജീന്ദർ സിങ് ആരോപിച്ചു.
സിനിമയുടെ സംവിധാനം, തിരക്കഥ, നിർമാണം തുടങ്ങി പ്രധാനകഥാപാത്രമായ ഇന്ദിരാഗാന്ധിയുടെ വേഷവും ചെയ്തിരിക്കുന്ന കങ്കണയ്‌ക്കെതിരെ കേസെടുക്കണമെന്ന് എസ്ജിപിസി അധ്യക്ഷൻ ഹർജിന്ദർ സിങ് ധാമി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിനിമയിൽ സിഖുകാരെ വിഘടനവാദികളായി ചിത്രീകരിക്കുകയാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അകാൽ തക്തിന്റെ തലവൻ ഗ്യാനി രഖ്ബിർ സിങ് കൂട്ടിച്ചേർത്തു. 1984ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ സമയത്ത് ജീവൻ വെടിയേണ്ടി വന്ന രക്തസാക്ഷികളെ കുറിച്ച് സിഖ് വിരുദ്ധ ആഖ്യാനം സൃഷ്ടിച്ച് സിഖ് വിഭാഗത്തെ അപമാനിക്കുന്ന പ്രവൃത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.
1984 ജൂണിലെ സിഖ് വിരുദ്ധ ക്രൂരതയെ ഈ സമൂഹത്തിന് മറക്കാൻ സാധിക്കില്ലെന്ന് രഖ്ബിർ സിങ് പറഞ്ഞു. നേരത്തെ സിഖ് വിരുദ്ധ, പഞ്ചാബ് വിരുദ്ധ പ്രസ്താവനകൾ കാരണം വിവാദത്തിൽപ്പെട്ട കങ്കണ സിഖുകളെ മനഃപൂർവം സ്വഭാവഹത്യ ചെയ്യുകയാണെന്ന് ധാമിയും കൂട്ടിച്ചേർത്തു. സിഖുകാരുടെ വികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ നിരന്തരമായി കങ്കണ പറഞ്ഞിട്ടും അവർക്കെതിരെ നടപടിയെടുക്കാതെ സർക്കാർ അവരെ സംരക്ഷിക്കുകയാണെന്നും ധാമി ആരോപിച്ചു.സിഖ് കഥാപാത്രങ്ങളെ തെറ്റായി ചിത്രീകരിച്ച നിരവധി കേസുകൾ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും എമര്‍ജന്‍സി ഉടൻ നിരോധിക്കണമെന്നും കേന്ദ്ര വാർത്താവിതരണ മന്ത്രിയോട് ധാമി ആവശ്യപ്പെട്ടു. എസ്‌ജിപിസി നേരത്തെ പലതവണ പൊതുയോഗങ്ങളിൽ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ടെന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ സിഖുകാരുടെ പ്രതിനിധിയെ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അത് നടപ്പാക്കാത്തതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം 6നാണ് എമര്‍ജന്‍സി തിയറ്ററുകളിലെത്തുന്നത്. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണയെത്തുന്നത്. ഇന്ദിരയായിട്ടുള്ള കങ്കണയുടെ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, മലയാളി താരം വിശാഖ് നായര്‍, അന്തരിച്ച നടന്‍ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ സംഗീതം സഞ്ചിത് ബൽഹാരയാണ്.
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എമര്‍ജന്‍സിയുടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നും കങ്കണ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. കന്നി വിജയത്തിനു ശേഷമാണ് കങ്കണയുടെ ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്.