India
ധര്‍മ സന്‍സദ് നിര്‍ത്തി വെയ്ക്കണം: ഹരിദ്വാര്‍ വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിനായി ഷബ്‌നം ഹാഷ്മിയുടെ സമരം
India

'ധര്‍മ സന്‍സദ് നിര്‍ത്തി വെയ്ക്കണം': ഹരിദ്വാര്‍ വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിനായി ഷബ്‌നം ഹാഷ്മിയുടെ സമരം

Web Desk
|
27 Dec 2021 2:32 AM GMT

ഡല്‍ഹി ഉത്തരാഖണ്ഡ് ഭവന് മുന്നില്‍ ഇന്ന് സമരം നടത്തും

ന്യൂനപക്ഷങ്ങളുടെ വംശീയ കൂട്ടക്കൊലയ്ക്ക് ആഹ്വാനം നല്‍കിയ യതി നരസിംഹാനന്ദ ഗിരി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഭവന് മുന്നില്‍ ഇന്ന് പ്രതിഷേധം. വര്‍ഗീയ കലാപത്തിന് സംഘ്പരിവാര്‍ കോപ്പു കൂട്ടുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ ഷബ്‌നം ഹാഷ്മി പറഞ്ഞു.

യതി നരസിംഹാനന്ദ ഗിരി കൂടുതല്‍ ഇടങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വിദ്വേഷ പ്രസംഗം വ്യാപിപ്പിക്കാതിരിക്കാന്‍ ധര്‍മ സന്‍സദ് തടയണമെന്നാവശ്യപ്പെട്ട് ജില്ലാഭരണകൂടങ്ങളെ സമീപിക്കുകയാണ് ഷബ്‌നം ഹാഷ്മി. ഹരിദ്വാറിനു പിന്നാലെ ഗാസിയബാദ് ,അലിഗഡ് , ഹിമാചല്‍ പ്രദേശ് ,ഹരിയാനയിലെ കുരുക്ഷേത്ര എന്നിങ്ങനെയാണ് വിദ്വേഷ പ്രസംഗത്തിന്റെ വേദികള്‍. ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചാണ് നരസിംഹാനന്ദ ഗിരി മുന്നോട്ടു പോകുന്നത്. അറസ്റ്റ് ചെയ്യാന്‍ ഉത്തരാഖണ്ഡ് പോലീസ് തയാറാകുന്നതുമില്ല. ഒരു വിഭാഗത്തെ കൂട്ടക്കൊല ചെയ്യാനായി ആയുധമെടുക്കാന്‍ ആഹ്വാനം ഉണ്ടാകുന്നത് ആദ്യമായിട്ടാണെന്നു ഷബ്‌നം ഹാഷ്മി പറഞ്ഞു. ഗാസിയബാദിലെ ധര്‍മ സന്‍സദ് തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാകലക്റ്റര്‍ക്ക് രേഖാമൂലം പരാതി നല്‍കി.

വിദ്വേഷ പ്രസംഗം നടത്തിയ യതി നരസിംഹാനന്ദ ഉള്‍പെടെയുള്ള സംഘപരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്, ഡല്‍ഹിയിലെ ഉത്തരാഖണ്ഡ് ഭവന് മുന്നില്‍ യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റിന്റെ നേതൃത്വത്തിലാണ് സമരം. അറസ്റ്റിനു വീഴ്ച വരുത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി രാജിവയ്ക്കണമെന്നും പ്രതിഷേധമുയര്‍ത്തുന്നവര്‍ ആവശ്യപ്പെട്ടു.



Similar Posts