India
Shabnam Hashmi

ശബ്നം ഹാഷ്മി/ആലിയ ഭട്ട്

India

കാര്യം നിങ്ങള്‍ മികച്ച നടിയാണ്; പക്ഷെ അതിനെക്കാള്‍ വലുതാണ് ഭരണഘടന: ആലിയയെ അണ്‍ഫോളോ ചെയ്യുന്നുവെന്ന് ശബ്നം ഹാഷ്മി

Web Desk
|
24 Jan 2024 8:08 AM GMT

21 ദശലക്ഷത്തിലധികം വരുന്ന ഫോളോവേഴ്സില്‍ നിന്നും ഒരെണ്ണം കുറയുന്നത് ഒരു കുറവല്ല

മുംബൈ: നടി ആലിയ ഭട്ടിനെ സോഷ്യല്‍മീഡിയയില്‍ പിന്തുടരുന്നത് ഒഴിവാക്കുന്നതായി സാമൂഹ്യപ്രവര്‍ത്തക ശബ്നം ഹാഷ്മി. മികച്ച നടിയും സുഹൃത്തിന്‍റെ മകളാണെന്നതും ആലിയയെ പിന്തുടരാന്‍ മതിയായ കാരണമല്ലെന്ന് ശബ്നം എക്സില്‍ കുറിച്ചു. ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ആലിയയും ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറും പങ്കെടുത്തിരുന്നു.

''നിങ്ങളെ ഏറ്റവും മികച്ച നടിയായും സുഹൃത്തിന്‍റെ മകളായും ഞാൻ കരുതുന്നത് നിങ്ങളെ പിന്തുടരാൻ മതിയായ കാരണമല്ല. ഹൃദയഭാരത്തോടെ നിങ്ങളെ അണ്‍ഫോളോ ചെയ്യുന്നു. 21 ദശലക്ഷത്തിലധികം വരുന്ന ഫോളോവേഴ്സില്‍ നിന്നും ഒരെണ്ണം കുറയുന്നത് ഒരു കുറവല്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയും ഇന്ത്യയുടെ ആശയവും മറ്റെന്തിനെക്കാളും ഒരുപാട് മുകളിലാണ്'' എന്നാണ് ശബ്നത്തിന്‍റെ ട്വീറ്റ്.

രാമന്‍റെയും ഹനുമാന്‍റെയും രാമസേതുവിന്‍റെയും ചിത്രങ്ങള്‍ പതിപ്പിച്ച സാരിയുടുത്താണ് ആലിയ ചടങ്ങിനെത്തിയത്. അഭിമാന മുഹൂര്‍ത്തമാണെന്നും ചടങ്ങിനെത്തിയതില്‍ അങ്ങേയറ്റം അനുഗൃഹീതനും ഭാഗ്യവാനുമാണെന്നുമാണ് രണ്‍ബീര്‍ കപൂര്‍ പറഞ്ഞത്. ഈ ചരിത്ര നിമിഷം അനുഭവിക്കാൻ മകൾ റാഹയെ ഇവിടെ കൊണ്ടുവരാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് താന്‍ ആഗ്രഹിച്ചുവെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു.

അമിതാഭ് ബച്ചൻ, രജനീകാന്ത്, കത്രീന കൈഫ്, വിക്കി കൗശൽ, മാധുരി ദീക്ഷിത്, ഡോ ശ്രീറാം നേനെ, , അഭിഷേക് ബച്ചൻ, ആയുഷ്മാൻ ഖുറാന, രാം ചരൺ, കങ്കണ റണാവത്ത്, മധുര് ഭണ്ഡാർക്കർ, സുഭാഷ് ഘായി, വിവേക് ​​ഒബ്‌റോയ്, സോനു കെ നിഗം, അൻപ് ഒബ്‌റോയ്, സോനു നിഗം തുടങ്ങിയവര്‍ തിങ്കളാഴ്ച പ്രാണ പ്രതിഷ്ഠ ചടങ്ങിനെത്തിയിരുന്നു.

ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും നടന്‍ മോഹന്‍ലാല്‍ പങ്കെടുത്തില്ല. ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയും നടിയും ഭാര്യയുമായ അനുഷ്ക ശര്‍മയും ചടങ്ങിനെത്തിയില്ല. അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ് എന്നിവര്‍ ഷൂട്ടിംഗ് തിരക്കായതിനാല്‍ പങ്കെടുത്തില്ല.

Similar Posts