കർണാടക വഖഫ് ബോർഡ്: ഷാഫി സഅദിയുടെ നോമിനേഷൻ റദ്ദാക്കിയത് മരവിപ്പിച്ചു
|പുതിയ വഖഫ് ബോർഡ് നിലവിൽ വരുന്നത് വരെ തുടരാം
ബെംഗളൂരു: കർണാടക സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ മുഹമ്മദ് ഷാഫി സഅദി ഉൾപ്പെടെ നാലു പേരുടെ നാമനിർദേശം റദ്ദാക്കിയ നടപടി മരവിപ്പിച്ചു. ബി.ജെ.പി സർക്കാർ നിയമിച്ചവരുടെ വഖഫ് ബോർഡ് അംഗത്വം റദ്ദ് ചെയ്ത് സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ്. പുതിയ വഖഫ് ബോർഡ് നിലവിൽ വരുന്നത് വരെ ഇവർ തുടരും. ഷാഫി സഅദിക്ക് പുറമെ വഖഫ് ബോർഡ് അംഗങ്ങളായ മിർ അസ്ഹർ ഹുസൈൻ, ജി യാക്കൂബ്, ഐ.എ.എസ് ഓഫീസർ സെഹ്‌റ നസീം എന്നിവരുടെ നോമിനേഷനാണ് റദ്ദാക്കിയിരുന്നത്.
2021 നവംബർ 17നാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കർണാടക മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായ ഷാഫി സഅദി വിജയിച്ചത്. ബി.ജെ.പിയുടെ പിന്തുണയോടെയാണ് സഅദി വഖഫ് ബോർഡ് ചെയര്‍മാനായത്. 'മുസ്‌ലിംകൾക്കും ഞങ്ങൾക്കുമിടയിലെ വിടവ് നികത്തുന്ന പാലമാണ് ഷാഫി സഅദി' എന്നാണ് നിയമമന്ത്രി ജെ.സി മധുസ്വാമി അന്ന് പ്രതികരിച്ചത്.
2010ലും 2016ലും എസ്.എസ്.എഫ് കർണാടക സ്റ്റേറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട് ഷാഫി സഅദി. കര്‍ണാടകയില്‍ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും മുസ്‌ലിംകൾക്ക് നൽകണമെന്ന് സഅദി ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി സർക്കാറിന്റെ കാലത്ത് വഖഫ് ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി സഅദിയുടെ തിരക്കിട്ട പ്രസ്താവന കർണാടകയിൽ കോൺഗ്രസിനെയും മുസ്‌ലിംകളെയും താറടിക്കാനുള്ള ബി.ജെ.പി ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.