കനത്ത സുരക്ഷയിൽ കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തി ഷാറൂഖ് ഖാൻ
|വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കുകൾപ്രകാരം 58.22 ശതമാനം പോളിങാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയിരിക്കുന്നത്
മുംബൈ: കനത്ത സുരക്ഷയിൽ ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാനും കുടുംബവും മഹാരാഷ്ട്രയിൽ വോട്ട് രേഖപ്പെടുത്തി. ഷാറൂഖിന് പുറമെ ഭാര്യ ഗൗരി, മകൾ സുഹാന എന്നിവരും വോട്ട് രേഖപ്പെടുത്തി.
മുംബൈയിലെ ബാന്ദ്രയിലെ മൗണ്ട് മേരി സ്കൂളിലായിരുന്നു ഷാറൂഖ് ഖാന് വോട്ട് രേഖപ്പെടത്തിയത്. പോളിംഗ് ബൂത്തിൽ നിന്ന് കുടുംബത്തോടൊപ്പം ഷാരൂഖ് ഖാൻ പുറത്തിറങ്ങുന്നതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. നിരവധി പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ടായിരുന്നു.
ഷാറൂഖിന് പുറമെ, സൽമാൻ ഖാനും വോട്ട് ചെയ്യാൻ മൗണ്ട് മേരി സ്കൂളിലെത്തി. അക്ഷയ് കുമാർ, രൺബീർ കപൂർ, രാജ് കുമാർ റാവു, ഫർഹാൻ അക്തർ, സഹോദരി സോയ അക്തർ, കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ എന്നിവരും വോട്ട് രേഖപ്പെടുത്തി. ജനങ്ങളോട് വോട്ടുചെയ്യാൻ താരങ്ങള്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടടുപ്പ് നടന്നത്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് അവസാനിച്ചു. വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കുകള്‍പ്രകാരം 58.22 ശതമാനം പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
മുംബൈ സിറ്റിയിലും മുംബൈ സബർബൻ മേഖലയിലും ഉച്ചകഴിഞ്ഞ് മൂന്ന് വരെ യഥാക്രമം 40.89 ശതമാനവും 39.34 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഇവിടങ്ങളിലെ 36 നിയമസഭാ സീറ്റുകളിലേക്ക് 420 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. നവംബർ 23 ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം.