സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി
|സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി: സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് താരമായ ഷാരൂഖ് ഖാനെതിരെയും വധഭീഷണി. 50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് വധഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുംബൈ ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നാണ് ഫോൺ സന്ദേശം ലഭിച്ചതെന്ന് പൊലീസ് കണ്ടെത്തി. വിളിച്ച മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിന് പിന്നാലെ ഷാരൂഖ് ഖാന് സുരക്ഷ ശക്തമാക്കി പൊലീസ്.
കഴിഞ്ഞ ദിവസം സൽമാൻ ഖാനെതിരെ വധഭീഷണി ഉണ്ടായിരുന്നു. മുംബൈ പൊലീസിന് വാട്സാപ്പിലുടെ വധഭീഷണി സന്ദേശം ലഭിച്ചത്. ജീവിച്ചിരിക്കണമെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പ് പറയണം അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്.
ജയിലിൽ തടവിൽ കഴിയുന്ന ലോറൻസ് ബിഷ്‍ണോയിയുടെ സഹോദരൻ എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ സൽമാൻ ഖാൻ നേരിടുന്ന രണ്ടാമത്തെ വധഭീഷണിയാണിത്.
സൽമാൻ ഖാൻ ജീവിച്ചിരിക്കണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിൽ പോയി മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ കൊല്ലുമെന്നും ട്രാഫിക് കൺട്രോൾ റൂമിലേക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ലോറൻസ് ബിഷ്‍ണോയിയുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോഴും സജീവമാണെന്നും മുന്നറിയിപ്പിലുണ്ട്.
സന്ദേശത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 30 നും സൽമാൻ ഖാന് നേരെ വധഭീഷണിയുണ്ടായിരുന്നു. മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ ലഭിച്ച ഭീഷണി സന്ദേശത്തിൽ 2 കോടി രൂപയായിരുന്നു അന്ന് ആവശ്യപ്പെട്ടിരുന്നത്.