ആരാണ് ഇതിഹാസം?; ട്വിറ്ററിൽ ഷാരൂഖ് ഖാൻ- കോഹ്‌ലി ആരാധകപ്പോര്
|ആരാധകപ്പോരിനെ മുസ്‌ലിം-ഹിന്ദു തലത്തിലേക്ക് കൊണ്ടുപോകാനാണ് ഹിന്ദുത്വ പ്രൊഫൈലുകൾ ശ്രമിച്ചത്
ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെയും ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെയും ആരാധകർ തമ്മിൽ ട്വിറ്ററിൽ വമ്പൻ പോര്. ആരാണ് ഇതിഹാസമെന്നും കൂടുതൽ പ്രശസ്തനെന്നും തെളിയിക്കാനാണ് ഇരുകൂട്ടവും ശ്രമിക്കുന്നത്. 'കോഹ്‌ലി കാ ബാപ് എസ്.ആർ.കെ.', എസ്.ആർ.കെ കാ ബാപ് കോഹ്‌ലി', 'എസ്.ആർ.കിയൻസ് കാ മൂത് കോഹ്‌ലി', വിരാട്‌കോഹ്‌ലിഗോട്ട് എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളിലാണ് ആരാധകർ പോരാടുന്നത്.
ഐ.പി.എൽ അടുത്തിരിക്കെ വിരാട് കോഹ്‌ലിയുടെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് എസ്.ആർ.കെ ആരാധകർ പരിഹസിക്കുന്നത്. എന്നാൽ താരത്തേക്കാൾ കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് കോഹ്‌ലിക്കുള്ളതാണ് തിരിച്ചുള്ള പരിഹാസം.
ലോകത്തിലെ മികച്ച നടൻ ആരെന്ന് ഗൂഗ്ൾ സേർച്ച് ചെയ്യുമ്പോൾ ഷാരൂഖിനെ കാണാത്തതും ക്രിക്കറ്റ് താരത്തെ തിരയുമ്പോൾ കോഹ്‌ലി ഒന്നാമതെത്തുന്നതും ചിലർ ചൂണ്ടിക്കാട്ടി. ചിലർ പാകിസ്താനെതിരെ കോഹ്‌ലി നടത്തിയ മികച്ച ഇന്നിംഗ്‌സ് ഷാരൂഖിന്റെ മൊത്തം കരിയറിനേക്കാൾ മികച്ചതാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തപ്പോൾ മറ്റു ചിലർ ഷാരൂഖിന്റെ ചില അതുല്യ സീനുകൾ കോഹ്‌ലിയുടെ കരിയറിനെ കവച്ചുവെക്കുമെന്ന് പറഞ്ഞു.
അതേസമയം, ആരാധകപ്പോരിനെ മുസ്‌ലിം-ഹിന്ദു തലത്തിലേക്ക് കൊണ്ടുപോകാനാണ് ഹിന്ദുത്വ പ്രൊഫൈലുകൾ ശ്രമിച്ചത്. ഷാരൂഖ് മുൻ പാക് പ്രധാനമന്ത്രിയും ക്രിക്കറ്ററുമായ ഇംറാൻ ഖാനൊപ്പം നിൽക്കുന്നതും കോഹ്‌ലി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിൽക്കുന്നതുമായ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ഇവരുടെ ട്വിറ്റർ വിദ്വേഷം.
അതിനിടെ, ഷാരൂഖും കോഹ്‌ലിയും ഇന്ത്യയുടെ ഇതിഹാസ താരങ്ങളാണെന്നും ഇരുവരും രണ്ട് രംഗങ്ങളിൽ രാജ്യത്തിന്റെ പ്രശസ്തി ലോകത്തോളം ഉയർത്തിയവരാണെന്നും ഓർമിപ്പിച്ച് ചില വിവേക പൂർണമായ ട്വീറ്റുകളും പുറത്തുവന്നു. ആരാധകരുടെ ബാല്യചാപല്യം നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
എസ്.ആർ.കെയും കോഹ്‌ലിയും സ്‌റ്റേജിൽ ഡാൻസ് ചെയ്യുന്നതും തെരുവിൽ ചിലർ തല്ല് കൂടുന്നതുമായ ട്രോളും പുറത്തുവന്നു. 'എസ്.ആർ.കെ.യും കോഹ്‌ലിയും യഥാർത്ഥ ജീവിതത്തിൽ, അവരുടെ ആരാധകൾ ഇൻറർനെറ്റിൽ' എന്നായിരുന്നു ഈ വീഡിയോയുടെ അടിക്കുറിപ്പ്.
Who is the Legend?; Shahrukh Khan-Kohli fan war on Twitter