India
ശക്തി മിൽസ് കൂട്ടബലാത്സംഗം: മൂന്ന് പ്രതികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി
India

ശക്തി മിൽസ് കൂട്ടബലാത്സംഗം: മൂന്ന് പ്രതികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി

Web Desk
|
25 Nov 2021 11:59 AM GMT

2013 ഓഗസ്റ്റിലാണ് മുംബൈയിലെ ശക്തി മിൽസ് പരിസരത്തുവെച്ച് ഫോട്ടോ ജേർണലിസ്റ്റായ യുവതിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ കെട്ടിയിട്ട ശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ ശക്തി മിൽസ് കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. ശിക്ഷ കോടതി ജീവപര്യന്തമായി കുറച്ചു. പ്രതികളായ വിജയ് മോഹൻ ജാദവ്, മുഹമ്മദ് കാസിം ഷൈഖ് ബംഗാളി, മുഹമ്മദ് സലീം അൻസാരി എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയത്. വിചാരണ കോടതിയുടെ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് സാധ്‌ന എസ് ജാദവ്, ജസ്റ്റിസ് പൃഥ്വിരാജ് കെ. ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വധശിക്ഷ റദ്ദാക്കിയത്.

എല്ലാ ബലാത്സംഗങ്ങളും ഹീനമായ കുറ്റകൃത്യമാണ്..അത് ഇരയാവുന്നവരെ ശാരീരകമായി മാത്രമല്ല മാനസിക ആരോഗ്യത്തെയും ബാധിക്കുന്നു. പൊതുജനാഭിപ്രായം മാനിച്ച് ഭരണഘടനാ കോടതിക്ക് തീരുമാനമെടുക്കാനാവില്ല. ജീവപര്യന്തം തടവ് നിയമമാണ്, വധശിക്ഷ ഒരു അപൂർവതയാണ്. തങ്ങൾക്ക് നിസ്സംഗതയോടെ തീരുമാനമെടുക്കേണ്ടതുണ്ടെന്നും നടപടിക്രമങ്ങൾ അവഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

''വധശിക്ഷ നൽകുന്നതോടെ പശ്ചാത്താപത്തിനുള്ള എല്ലാ സാധ്യതയും അടയുകയാണ്. പ്രതികൾക്ക് വധശിക്ഷ മാത്രമേ ലഭിക്കൂ എന്ന് പറയാനാവില്ല. ജീവപര്യന്തം തടവിലൂടെ അവർ ചെയ്ത കുറ്റകൃത്യത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ അവസരമുണ്ടാവുന്നു. വധശിക്ഷ സമൂഹത്തിൽ നവീകരണത്തിന് ഒരു സാധ്യതയും നൽകുന്നില്ല''-കോടതി വ്യക്തമാക്കി.

2013 ഓഗസ്റ്റിലാണ് മുംബൈയിലെ ശക്തി മിൽസ് പരിസരത്തുവെച്ച് ഫോട്ടോ ജേർണലിസ്റ്റായ യുവതിയെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ കെട്ടിയിട്ട ശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ചുപേരായിരുന്നു കേസിലെ പ്രതികൾ.

ഇതിനുപിന്നാലെ 19-കാരിയായ ഒരു ടെലഫോൺ ഓപ്പറേറ്ററും ബലാത്സംഗ പരാതിയുമായെത്തി. ശക്തി മിൽസ് പരിസരത്തുവെച്ച് തന്നെയും ബലാത്സംഗം ചെയ്‌തെന്നായിരുന്നു ഇവരുടെ പരാതി. നേരത്തെ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ തന്നെയായിരുന്നു ഇതിലും പ്രതികൾ. 2014 മാർച്ചിലാണ് വിചാരണക്കോടതി മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.

Related Tags :
Similar Posts