ഗ്യാൻവാപിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് ജ്യോതിർമഠം ശങ്കരാചാര്യർ; പൊലീസ് തടഞ്ഞു
|പൊലീസ് തടഞ്ഞതോടെ മുന്‍കൂട്ടി അനുമതി വാങ്ങിയ ശേഷം മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അവിമുക്തേശ്വരാനന്ദ്
ലഖ്‌നൗ: ഗ്യാൻവാപി പള്ളിയിലേക്ക് പ്രഖ്യാപിച്ച മാർച്ച് തടഞ്ഞ് പൊലീസ്. ജ്യോതിർമഠം ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദ് ആണ് മാർച്ച് പ്രഖ്യാപിച്ചത്. ഗ്യാൻവാപിയിൽ വിശ്വനാഥനെ പ്രദക്ഷിണം ചെയ്യാനെന്ന പേരിലായിരുന്നു നീക്കം.
എന്നാൽ, മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി മാർച്ച് പൊലീസ് തടയുകയായിരുന്നു. ഗ്യാൻവാപിയിൽ വിഗ്രഹത്തെ പ്രദക്ഷിണം ചെയ്യുന്ന ആചാരമില്ലെന്ന് ഭേലുപൂർ എ.സി.പി അതുൽ അഞ്ജൻ തൃപാഠിയും ദശാശ്വമേധ് ഘട്ട് എ.സി.പി അവദേഷ് പാണ്ഡെയും ചൂണ്ടിക്കാട്ടി. എന്നാൽ, ഇത്തരം ചടങ്ങുകൾ നടത്തണമെങ്കിൽ ജില്ലാ ഭരണകൂടത്തിൽനിന്നും പൊലീസിൽനിന്നും മുൻകൂട്ടി അനുമതി വാങ്ങണമെന്നും അറിയിച്ചു.
ഗ്യാൻവാപിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചതിനു പിന്നാലെ കേദാർഘട്ടിലെ ശ്രീവിദ്യ മഠത്തിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ഇതിനിടെ അവിമുക്തേശ്വരാനന്ദും അനുയായികളും മഠത്തിൽനിന്നു പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് എ.സി.പിയും ശങ്കരാചാര്യരും തമ്മിൽ ഏറെനേരം വാക്കേറ്റമുണ്ടായി. ഒടുവിൽ അനുമതി ലഭിച്ച ശേഷം മറ്റൊരു സമയത്ത് മാർച്ച് നടത്തുമെന്ന പ്രഖ്യാപനത്തോടെ പിൻവാങ്ങുകയായിരുന്നു.
കഴിഞ്ഞ 40 വർഷത്തോളമായി പ്രദക്ഷിണം നടത്താനായി താനും നിരവധി സനാതന വിശ്വാസികളും ഗ്യാൻവാപി സന്ദർശിക്കുന്നുണ്ടെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ് പറഞ്ഞു. എന്നാൽ, പള്ളിക്കകത്ത് പ്രവേശിക്കാനും പ്രാർത്ഥിക്കാനും പൂജാരിമാരെ അനുവദിക്കാറില്ല. വർഷങ്ങളായി പരിക്രമം ചെയ്യുന്നയാളാണ് താൻ. ശങ്കരാചാര്യ ആയതിനുശേഷം ഇതാദ്യമായാണ്. അകത്ത് കയറാൻ അനുവദിച്ചില്ലെങ്കിലും പുറത്തുനിന്ന് പരിക്രമം നടത്താൻ അനുവദിക്കണമെന്നും അവിമുക്തേശ്വരാനന്ദ് ആവശ്യപ്പെട്ടു.
ഗ്യാൻവാപിയിൽ സ്ഥിരമായി പൂജയ്ക്കും പ്രാർത്ഥനയ്ക്കും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അവിമുക്തേശ്വരാനന്ദ് നേരത്തെ സിവിൽ കോടതിയെ സമീപിച്ചിരുന്നു. പള്ളിയിലെ ഹൗദിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദങ്ങൾക്കു പിന്നാലെയായിരുന്നു ഇത്. 2023 ഏപ്രിലിൽ ഹരജി ജില്ലാ കോടതിക്കു കൈമാറുകയും ഗ്യാൻവാപിയുമായി ബന്ധപ്പെട്ട മറ്റ് ആറു കേസുകൾക്കൊപ്പം ചേർക്കുകയും ചെയ്തു.
Summary: Jyotish Peeth Shankaracharya Swami Avimukteshwaranand stopped from conducting 'parikrama' of Gyanvapi mosque