'ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ പ്രതിപക്ഷത്തിന് പൊതുസ്ഥാനാർഥി'; പട്‌ന യോഗത്തിൽ ചർച്ചയാവുമെന്ന് ശരദ് പവാർ
|പ്രധാനമന്ത്രി സ്ഥാനാർഥി ആര് എന്നതിന് പ്രസക്തിയില്ലെന്നും ബി.ജെ.പി ബദൽ അവതരിപ്പിക്കലാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ കടമയെന്നും ശരദ് പവാർ പറഞ്ഞു.
ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ബദൽ അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് സാധിക്കണമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. ആരെയാണ് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കുന്നത് എന്നതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 23-ന് പട്‌നയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിൽ താൻ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
''പ്രധാനമന്ത്രി സ്ഥാനാർഥിയാര് എന്നത് ഞങ്ങളുടെ മുന്നിലുള്ള പ്രശ്‌നമല്ല. 1977-ൽ പോലും ആരെയും പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയിട്ടില്ല. ജനതാ പാർട്ടി വിജയിക്കുകയും മൊറാർജി ദേശായ് പ്രധാനമന്ത്രിയാവുകയും ചെയ്തു. 1977-ൽ അത് കഴിഞ്ഞെങ്കിൽ ഇപ്പോൾ എന്തുകൊണ്ട് നടന്നുകൂടാ? ഈ രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ ബി.ജെ.പിക്ക് ഒരു ബദൽ അവതരിപ്പിക്കാൻ ഞങ്ങൾക്ക് ബാധ്യതയുണ്ട്''-ശരദ് പവാർ പറഞ്ഞു.
ജനങ്ങൾക്ക് മുന്നിൽ ഒരു ബദൽ അവതരിപ്പിക്കേണ്ടതുണ്ട്. ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ആ ബദൽ നമുക്ക് നൽകാനാകും. ഇതിന്റെ ഫലം ഭാവിയിൽ കാര്യങ്ങൾ തീരുമാനിക്കും. ജൂൺ 23-ന് നടക്കുന്ന സംയുക്ത യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയെ നിർത്തുന്നതും ചർച്ചയാവുമെന്നും അദ്ദേഹം പറഞ്ഞു.