ശരത് പവാറും അദാനിയും തമ്മിലെന്ത്? ഹിന്‍ഡന്‍ബര്‍ഗ് എപ്പിസോഡില്‍ ഈ പ്രതിരോധമെന്തിന്?
|തന്‍റെ നിർബന്ധത്തിനു വഴങ്ങിയാണ് അദാനി താപവൈദ്യുത മേഖലയിലേക്ക് തിരിയുന്നതെന്നാണ് ആത്മകഥയിൽ ശരത് പവാർ വെളിപ്പെടുത്തിയത്
മുംബൈ: അദാനി വിഷയത്തിൽ പ്രതിപക്ഷനിരയിൽനിന്ന് വേറിട്ട നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ ചർച്ചയായി എൻ.സി.പി തലവൻ ശരത് പവാറിന്റെ ആത്മകഥ. ഗൗതം അദാനിയുമായുള്ള പവാറിന്റെ സൗഹൃദത്തിനും ആത്മബന്ധത്തിനും രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കൽക്കരി മേഖല മുതൽ താപവൈദ്യുതരംഗത്ത് വരെ അദാനി ചുവടുവയ്പ്പ് നടത്തുന്ന കാലത്തുതന്നെ ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു.
'ലോക് മാസെ സംഗതി' എന്ന പേരിൽ മറാഠി ഭാഷയില്‍ 2015ൽ പുറത്തിറങ്ങിയ പവാറിന്റെ ആത്മകഥയിലാണ് അദാനിയുമായുള്ള ബന്ധം വെളിപ്പെടുത്തുന്നത്. പുസ്തകത്തിൽ അദാനിയെ പ്രശംസകൊണ്ട് ചൊരിയുന്നുണ്ട് പവാർ. കഠിനാധ്വാനിയും ജാടകളില്ലാത്തയാളും വിനീതവ്യക്തിത്വത്തിന് ഉടമയുമാണ് അദാനിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അടിസ്ഥാന സൗകര്യവികസന രംഗത്ത് വലിയ കാര്യങ്ങൾ ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്നയാളാണെന്നും പറയുന്നുണ്ട്.
തന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അദാനി താപവൈദ്യുത മേഖലയിലേക്ക് തിരിയുന്നതെന്നും പവാർ വെളിപ്പെടുത്തുന്നു. മുംബൈയിലെ ഒരു സാധാരണ വ്യാപാരിയിൽനിന്ന് ചെറിയ സംരംഭങ്ങൾ നടത്തിയും ഒടുവിൽ വജ്രവ്യവസായത്തിൽ ഭാഗ്യം പരീക്ഷിച്ചും അദാനി എങ്ങനെയാണ് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതെന്നും ആത്മകഥയിൽ വിവരിക്കുന്നുണ്ട്.
മുന്ദ്ര തുറമുഖവും ബാന്ദ്ര താപവൈദ്യുത നിലയവും
'വജ്രവ്യവസായത്തിൽനിന്ന് വലിയ നേട്ടമുണ്ടാക്കിയിരുന്നു അദാനി. എന്നാൽ, അതിൽ അത്ര താൽപര്യമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. ഇൻഫ്രാസ്ട്രക്ചർ മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ കണ്ണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി ചിമൻഭായ് പട്ടേലുമായി അദാനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് മുന്ദ്ര തുറമുഖം വികസിപ്പിക്കാനുള്ള ആശയം അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.'-ആത്മകഥയിൽ വിവരിക്കുന്നു.
പാകിസ്താൻ അതിർത്തിയോട് ചേർന്നാണ് തുറമുഖമുള്ളത്, ഒരു ഉണങ്ങിയ മേഖലയാണ് എന്നൊക്കെ പറഞ്ഞ് പട്ടേൽ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും എല്ലാ പ്രതികൂലാവസ്ഥകളും മറികടന്ന് അദ്ദേഹം വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നുവെന്ന് പവാർ പറയുന്നു. പിന്നീടാണ് തന്റെ നിർദേശപ്രകാരം താപവൈദ്യുത മേഖലയിലേക്ക് അദ്ദേഹം തിരിയുന്നതും അവിടെ കുതിപ്പുണ്ടാക്കുന്നതും. എൻ.സി.പി നേതാവ് പ്രഫുൽ പട്ടേലിന്റെ പിതാവിന്റെ ഒരു ചരമവാർഷിക ചടങ്ങിനിടെയാണ് ഇത്തരമൊരു ആശയം പങ്കുവച്ചത്. അന്ന് കേന്ദ്ര കൃഷി മന്ത്രിയായിരുന്നു പവാർ. മഹാരാഷ്ട്രയിലെ ബാന്ദ്രയിൽ 3,000 മെഗാ വാട്ടിന്റെ താപവൈദ്യുത നിലയം ആരംഭിച്ചായിരുന്നു മേഖലയിൽ അദാനി ചുവടുവച്ചതെന്നും പവാർ ചൂണ്ടിക്കാട്ടുന്നു.
പ്രതിപക്ഷത്തെ ഏക എതിർസ്വരം
ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനു പിന്നാലെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം അദാനിക്കെതിരെ ആക്രമണം കടുപ്പിച്ചത്. അദാനി-മോദി ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷനീക്കം. ബജറ്റ് സമ്മേളനമടക്കം പാർലമെന്റ് വിഷയത്തിൽ പ്രക്ഷുബ്ധമാകുകയും ദിവസങ്ങളോളം സഭ ഇതിന്റെ പേരിൽ തടസപ്പെടുകയും ചെയ്തു. വിഷയത്തിൽ സംയുക്ത പാർലമെന്റ് സമിതി(ജെ.പി.സി) അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.
എന്നാൽ, കഴിഞ്ഞ ദിവസം അദാനിയെ പിന്തുണച്ച് പവാർ രംഗത്തെത്തി. അദാനി ഗ്രൂപ്പിനെതിരെ നടക്കുന്ന വേട്ടയാണിതെന്നും രാജ്യത്തെ സമ്പദ്ഘടനയാണ് ഇതിന്റെ പേരിൽ അനുഭവിക്കേണ്ടിവരികയെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെടുന്നതിൽ കാര്യമില്ലെന്നും സുപ്രിംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാകാമെന്നും 'എൻ.ഡി.ടി.വി'ക്ക് നൽകിയ അഭിമുഖത്തിൽ പവാർ അഭിപ്രായപ്പെട്ടു.
Summary: Marathi autobiography of NCP chief Sharad Pawar 'Lok Maze Saangati', reveals that he keep a good friendship with Gautam Adani and it dates back to nearly two decades