India
600 കാറുകളുടെ അകമ്പടിയിൽ ചന്ദ്രശേഖര റാവു മഹാരാഷ്ട്രയിൽ; അരോചകമെന്ന് ശരത് പവാർ
India

600 കാറുകളുടെ അകമ്പടിയിൽ ചന്ദ്രശേഖര റാവു മഹാരാഷ്ട്രയിൽ; അരോചകമെന്ന് ശരത് പവാർ

Web Desk
|
28 Jun 2023 7:08 AM GMT

ഭാരത് രാഷ്ട്ര സമിതിയുടെ പ്രവർത്തനം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചന്ദ്രശേഖര റാവു മഹാരാഷ്ട്രയിലെത്തിയത്.

മുംബൈ: വൻ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ മഹാരാഷ്ട്രയിലെത്തിയ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ വിമർശിച്ച് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. ശക്തി കണിക്കാനുള്ള ഈ ശ്രമം അരോചകമാണെന്ന് പവാർ പറഞ്ഞു.

600 കാറുകളുടെ അകമ്പടിയിലാണ് ചന്ദ്രശേഖര റാവു തിങ്കളാഴ്ച മഹാരാഷ്ട്രയിലെത്തിയത്. തെക്കൻ മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലെ വിത്തൽ രുഗ്മിണി ക്ഷേത്രിൽ അദ്ദേഹം ദർശനം നടത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന റാവു പാർട്ടിയുടെ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലെത്തിയത്. സാർക്കോളിയിൽ ഇന്ന് അദ്ദേഹം റാലി സംഘടിപ്പിക്കുന്നുണ്ട്.

അയൽസംസ്ഥാനത്തെ ഒരു മുഖ്യമന്ത്രി വരുന്നതിൽ ഒരു കുഴപ്പവുമില്ല. എന്നാൽ വാഹനങ്ങളുടെ എണ്ണംകൊണ്ട് കരുത്ത് കാണിക്കാൻ ശ്രമിക്കുന്നത് അരോചകമാണെന്ന് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. റാവുവിന്റെ സന്ദർശനം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായി ഉപയോഗിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.


Similar Posts