രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിന്റെ 'പൊതുസമ്മതൻ' ശരദ് പവാർ?
|സോണിയാ ഗാന്ധിയാണ് ശരദ് പവാറിന്റെ പേര് നിർദേശിച്ചത്. സോണിയയുടെ ദൂതനായി മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച പവാറിനെ കണ്ടിരുന്നു.
ന്യൂഡൽഹി: എൻസിപി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയാവുമെന്ന് സൂചന. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ശരദ് പവാറിന്റെ പേര് നിർദേശിച്ചത്. സോണിയയുടെ ദൂതനായി മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച പവാറിനെ കണ്ടിരുന്നു. അതേസമയം പവാർ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് വിവരം.
ആം ആദ്മി പാർട്ടി നേതാവായ സഞ്ജയ സിങ്ങും ഞായറാഴ്ച ശരദ് പവാറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്നിവരുമായും ഖാർഗെ കൂടിക്കാഴ്ച നടത്തിയിരുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബുധനാഴ്ച ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾക്കാണ് മമത യോഗം വിളിച്ചത്. പ്രതിപക്ഷത്തെ എല്ലാ നേതാക്കൾക്കും മമത നേരിട്ട് കത്തെഴുതിയിട്ടുണ്ട്. അതിനിടെ മല്ലികാർജുൻ ഖാർഗെ മമതയുമായി ഫോണിൽ ചർച്ച നടത്തി.
ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജൂലൈ 24നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി കഴിയുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം രൂപീകരിച്ച് ശക്തമായ മത്സരം കാഴ്ചവെക്കാനായാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
ബിജെപി സ്ഥാനാർഥിയാരാണ് എന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും വന്നിട്ടില്ല. എംഎൽഎമാരും എംപിമാരുമടക്കം 4,809 പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക. സംസ്ഥാനങ്ങളിലെ ജനസംഖ്യ അനുസരിച്ചാണ് എംഎൽഎമാരുടെ വോട്ട് മൂല്യം കണക്കാക്കുന്നത്.
10,86,431 ആണ് ആകെ വോട്ട് മൂല്യം. 50 ശതമാനം വോട്ട് നേടുന്ന സ്ഥാനാർഥിയാണ് വിജയിക്കുക. എൻഡിഎ സഖ്യത്തിന് 13,000 വോട്ടിന്റെ കുറവുണ്ട്. 2017ൽ തെലങ്കാന രാഷ്ട്ര സമിതി, വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികൾ എൻഡിഎയെ പിന്തുണച്ചിരുന്നു. ഇത്തവണ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലാണ് ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.