'അമിത് ഷാ.. നിങ്ങളെ സുപ്രിം കോടതി ഗുജറാത്തിൽ നിന്നും നാടുകടത്തിയതല്ലേ..': ശരത് പവാർ
|'ഗുജറാത്തിൽ നിയമങ്ങൾ ദുരുപയോഗം ചെയ്തതിന്റെ പേരില് അവിടെ നിന്നും പുറത്താക്കപ്പെട്ട ഒരാളാണ് ഇന്നത്തെ ആഭ്യന്തരമന്ത്രി'
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ എൻ.സി.പി നേതാവ് ശരത് പവാർ. ഗുജറാത്തിൽ നിന്നും സുപ്രിം കോടതി അമിത് ഷായെ പുറത്താക്കിയതല്ലേ എന്ന് പവാർ ചോദിച്ചു. പവാറിനെ അഴിമതിയുടെ രാജാവെന്ന് അമിത് ഷാ അടുത്തിടെ വിളിച്ചിരുന്നു ഇതിന് മറുപടിയായാണ് പവാർ രൂക്ഷ പ്രതികരണം നടത്തിയത്.
'കുറച്ചു ദിവസം മുമ്പ് ആഭ്യന്തര മന്ത്രി അമിത് ഷാ തനിക്കെതിരെ ചില കാര്യങ്ങൾ പറഞ്ഞുകൊണ്ട് ആക്രമിക്കുകയുണ്ടായി. രാജ്യത്തെ മുഴുവൻ അഴിമതിക്കാരുടേയും കമാൻഡർ എന്നാണ് അദ്ദേഹം എന്നെ വിളിച്ചത്. എന്നാൽ ഗുജറാത്തിൽ നിയമങ്ങൾ ദുരുപയോഗം ചെയ്തയാളാണ് ആഭ്യന്തരമന്ത്രി. അതിന്റെ പേരിൽ ഗുജറാത്തിൽ നിന്നും സുപ്രിംകോടതി പുറത്താക്കിയ ആളാണ്. ഇത്തരത്തിൽ പുറത്താക്കപ്പെട്ട ഒരാളാണ് ഇന്നത്തെ ആഭ്യന്തരമന്ത്രി. ഇതിൽ നിന്നും നമ്മൾ എങ്ങോട്ടാണ് പോവുന്നതെന്നത് ചിന്തിക്കണം. അവർ നമ്മുടെ രാജ്യത്തെ തെറ്റായ മാർഗത്തിലേക്കാണ് നയിക്കുന്നതെന്ന് നൂറു ശതമാനം ഉറപ്പോടെ പറയാനാവും' - പവാർ പറഞ്ഞു.
മഹാരാഷ്ട്രയിൽ നടന്ന ബിജെപി കോൺക്ലേവിലായിരുന്നു ശരത് പവാറിനെതിരെ ഷാ വിവാദ പരാമർശം നടത്തിയത്. 'അവർ (പ്രതിപക്ഷം) അഴിമതിയെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അഴിമതി രാജാവ് ശരത് പവാറാണ്. അതിൽ യാതൊരു സംശയവുമില്ല. നിങ്ങളിപ്പോൾ ഞങ്ങളെ കുറ്റപ്പെടുത്തും. എന്നാൽ അഴിമതിയെ ആരെങ്കിലും സ്ഥാപനവൽക്കരിച്ചിട്ടുണ്ടെങ്കിൽ അത് ശരത് പവാർ ആണ്' എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.