'ഡൽഹി കലാപഗൂഢാലോചനയിൽ പങ്കുണ്ടെന്ന പരാമർശം നീക്കണം'; ഷർജീൽ ഇമാം സുപ്രിംകോടതിയിൽ
|പ്രതിഷേധത്തിനും കലാപത്തിനും പിന്നിലെ ബുദ്ധികേന്ദ്രം ഷർജീൽ ഇമാമാണെന്ന തരത്തിൽ കോടതി നിരീക്ഷിച്ചിരുന്നു. തന്നെ കേൾക്കാനുള്ള അവസരം പോലും നൽകാതെയാണ് കോടതിയുടെ നിരീക്ഷണങ്ങളെന്ന് ഷർജീൽ ഇമാം സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു.
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനാകേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കവേ തനിക്കെതിരെ ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ മറ്റൊരു പ്രതിയും ജെ.എൻ.യു വിദ്യാർഥിയുമായ ഷർജീൽ ഇമാം സുപ്രിംകോടതിയിൽ. പ്രതിഷേധത്തിനും കലാപത്തിനും പിന്നിലെ ബുദ്ധികേന്ദ്രം ഷർജീൽ ഇമാമാണെന്ന തരത്തിൽ കോടതി നിരീക്ഷിച്ചിരുന്നു. ഉമർ ഖാലിദും ഷർജീൽ ഇമാമും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഖാലിദ് വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി പറഞ്ഞത്.
എന്നാൽ തന്നെ കേൾക്കാനുള്ള അവസരം പോലും നൽകാതെയാണ് കോടതിയുടെ ഇത്തരം നിരീക്ഷണങ്ങളെന്ന് ഷർജീൽ ഇമാം സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു. ഇത്തരം നിരീക്ഷണങ്ങൾ താനും പ്രതിയായ കേസിന്റെ മെറിറ്റിനെ ബാധിക്കും. കേസിൽ തന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ തന്നെ പരിഗണനയിലാണുള്ളത്. കോടതിയുടെ പരാമർശങ്ങൾ തന്റെ കേസിൽ മുൻവിധിക്ക് കാരണമാകുമെന്നും ഇമാം ചൂണ്ടിക്കാട്ടി.
ഒക്ടോബർ 18-നായിരുന്നു ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയത്. ഡൽഹി കലാപ ഗൂഢാലോചനയിൽ ഉമർ ഖാലിദിന് പങ്കുണ്ടെന്ന ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന വിചാരണക്കോടതി വിധി അംഗീകരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.