ഷർജീൽ ഇമാം 'അസ്സലാമു അലൈക്കും' പറഞ്ഞു; ഡൽഹി പൊലീസ് കോടതിയിൽ
|2019 ൽ രണ്ട് സർവകലാശാലകളിൽ ഷർജീൽ ഇമാം നടത്തിയ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസുകളിൽ ബുധനാഴ്ച വാദം കേൾക്കവെയാണ് പൊലീസിന്റെ വിചിത്ര വാദം.
ഷർജീൽ ഇമാം അസ്സലാമു അലൈക്കും പറഞ്ഞത് കുറ്റകരമാക്കി ഡൽഹി പൊലീസ്. ഷർജീൽ ഇമാം തന്റെ പ്രസംഗങ്ങളിൽ ഒന്ന് ആരംഭിച്ചത് അസ്സലാമു അലൈക്കും എന്ന് പറഞ്ഞാണെന്നും ഇത് പൊതു സദസ്സിനെ ഉദ്ദേശിച്ചല്ലെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം ഉദ്ദേശിച്ചാണെന്നും ഡൽഹി പൊലീസിനായി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് പറഞ്ഞു. 2019 ൽ രണ്ട് സർവകലാശാലകളിൽ ഷർജീൽ ഇമാം നടത്തിയ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസുകളിൽ ബുധനാഴ്ച വാദം കേൾക്കവെയാണ് പൊലീസിന്റെ വിചിത്ര വാദം.
അരാജകത്വം സൃഷ്ടിക്കാനാണ് ഷർജീൽ ശ്രമിച്ചതെന്നും വിഭാഗീയമായ പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയതെന്നും അഡീഷണൽ സെഷൻസ് ജഡ്ജ് അമിതാഭ് റാവത്ത് മുന്പാകെ നടന്ന വാദം കേൾക്കലിൽ അമിത് പ്രസാദ് പറഞ്ഞു. 2019 ജനുവരി പതിനാറിന് അലിഗഢിൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാണിച്ച അദ്ദേഹം അസ്സലാമു അലൈക്കും പറഞ്ഞാണ് ഷർജീൽ തന്റെ പ്രസംഗം ആരംഭിച്ചതെന്നും ഇത് ഒരു സമുദായത്തെ മാത്രം അഭിസംബോധന ചെയ്യുന്നതാണെന്നും അദ്ദേഹം വാദിച്ചു. മൂന്ന് മണിക്കൂർ നീണ്ടു നിന്ന വാദം കേൾക്കലിൽ ഷർജീൽ ഇമാം സാധാരണ പോക്കറ്റടിക്കാരനല്ലെന്നും എങ്ങനെ ഒരു ആൾക്കൂട്ടത്തെ ഉണ്ടാക്കാമെന്ന് കൃത്യമായി അറിയാവുന്ന ആളാണെന്നും പ്രസാദ് പറഞ്ഞു. ജാമിയ മില്ലിയയിലും അലിഗഢ് മുസ്ലിം സർവകലാശാലയിലും ഷർജീൽ നടത്തിയ പ്രസംഗങ്ങളുടെ പൂർണ രൂപം അദ്ദേഹം ഓൺലൈനായി നടന്ന വാദംകേൾക്കലിൽ വായിച്ച് കേൾപ്പിച്ചു. കഴിഞ്ഞ വര്ഷം ജനുവരി മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഷർജീൽ ഇമാം.