India
CAA movement student leaders Sharjeel Usmani and Afreen Fatima got married, Sharjeel Usmani and Afreen Fatima got married, Sharjeel Usmani, Afreen Fatima
India

പൗരത്വ സമര നായകര്‍ ഷർജീൽ ഉസ്മാനിയും അഫ്രീൻ ഫാത്തിമയും വിവാഹിതരായി

Web Desk
|
21 Oct 2023 9:14 AM GMT

പ്രവാചകനിന്ദക്കെതിരായ സമരത്തിനു ദേശസുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അഫ്രീന്‍റെ പിതാവ് ജാവേദ് മുഹമ്മദ് പരോളിലാണു വിവാഹ ചടങ്ങിനെത്തിയത്

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന വിദ്യാർഥി നേതാക്കളായ ഷർജീൽ ഉസ്മാനിയും അഫ്രീൻ ഫാത്തിമയും വിവാഹിതരായി. അഫ്രീൻ ഫാത്തിമയുടെ ജന്മനാടായ ഉത്തർപ്രദേശിലെ അലഹബാദിൽ വെച്ചാണ് നിക്കാഹ് നടന്നത്.

അലിഗഢിലും ഡൽഹിയിലും നടന്ന പൗരത്വ പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഷർജീൽ ഉസ്മാനി ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയാണ്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ ഷർജീൽ രണ്ട് മാസം ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. ജാമിഅ മില്ലിയ്യ സർവകലാശാലയിൽനിന്ന് സോഷ്യൽ എക്‌സ്‌ക്ലൂഷൻ ആൻഡ് ഇംക്ലൂസീവ് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടി.

യു.പിയിലെ അലഹബാദ് സ്വദേശിയായ അഫ്രീൻ ഫാത്തിമ ഫ്രറ്റേണിറ്റി ദേശീയ വൈസ് പ്രസിഡന്‍റാണ്. 2018-19 കാലത്ത് അലിഗഢ് യൂനിവേഴ്സിറ്റി വിമൻസ് കോളജ് യൂനിയൻ പ്രസിഡന്റായിരുന്നു. ശേഷം ഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ എം.എ ലിംഗ്വിസ്റ്റിക്സിന് ചേർന്ന അഫ്രീൻ ജെ.എൻ.യു പഠനകാലത്താണ് ദേശീയ ശ്രദ്ധയിൽവരുന്നത്. 2019ലെ ജെ.എൻ.യു യൂനിയൻ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി പാനലിൽ മത്സരിച്ചു ജയിക്കുകയും ചെയ്തിട്ടുണ്ട് അഫ്രീൻ. സംഘ്പരിവാർ ട്രോൾ ആർമിയുടെ നിരന്തരമായ അധിക്ഷേപങ്ങൾക്ക് ഇരയാകാറുണ്ട് അവർ.


പ്രവാചകനിന്ദക്കെതിരായ സമരകാലത്ത് അലഹബാദിൽ നടന്ന പ്രകടനത്തിന്റെ പേരിൽ ദേശസുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് അഫ്രീൻ ഫാത്തിമയുടെ പിതാവ് ജാവേദ് മുഹമ്മദ്. വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റി അംഗം കൂടിയായ ഇദ്ദേഹത്തിന്റെ അലഹബാദിലെ വീട് യു.പി പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത് വലിയ വിവാദമായിരുന്നു. അഫ്രീൻ ഫാത്തിമയുടെ വിവാഹത്തിനായി ജാവേദിന് കോടതി അഞ്ചു ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു.

Summary: CAA movement student leaders Sharjeel Usmani and Afreen Fatima got married

Similar Posts