24 മണിക്കൂറിനിടെ 425 പേര്‍ക്ക് അണുബാധ; രാജ്യത്ത് കോവിഡ് കേസുകളിലെ വർധന തുടരുന്നു
|മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, ഡൽഹി സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗികൾ
ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളിലെ വർധന തുടരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, ഡൽഹി സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗികൾ . കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 425 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൂവായിരത്തിലധികം പ്രതിദിന കേസുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രാജ്യത്ത് റിപ്പോർട്ട് ചെയ്തത് . രോഗികളുടെ എണ്ണത്തിൽ വർധനവ് തുടരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ കേന്ദ്രം ഏർപ്പെടുത്തിയേക്കും. സംസ്ഥനങ്ങളിലെ സാഹചര്യവും കേന്ദ്രം വിലയിരുത്തുന്നുണ്ട്.
ഇന്നലെ 3095 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കോവിഡ് അവലോകനയോഗം വിളിച്ചു.ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് രോഗികളുടെ എണ്ണമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. 3095 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ആക്ടീവ് കേസുകളുടെ എണ്ണം 15208 ലേക്ക് ഉയർന്നു. പുതിയ 5 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,390 രോഗികൾ രോഗമുക്തി നേടി.
രാജ്യത്ത് നിലവിൽ രോഗമുക്തി നിരക്ക് 98.78 ശതമാനമാണ്. പുതിയ 1,18,694 ടെസ്റ്റുകൾ നടന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.91 ശതമാനത്തിലേക്ക് എത്തി. മഹാരാഷ്ട്ര, ഡൽഹി, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തുന്നത്. ഡൽഹിയിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവായതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചു. അതേസമയം ജാഗ്രത തുടരാനും സർക്കാർ നിർദേശിച്ചു.