'ഇത്തരം തെമ്മാടികൾ ഞങ്ങളുടെ മതത്തെ പ്രതിനിധീകരിക്കുന്നില്ല'; ബജ്‌രംഗ് മുനിക്കെതിരെ ശശി തരൂർ
|ബജ്‌രംഗ് മുനിയുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്
ഡൽഹി: മുസ്‍ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഭീഷണി പ്രസംഗം നടത്തിയ ഹിന്ദുത്വ പുരോഹിതൻ ബജ്‍രംഗ് മുനിക്കെതിരെ ആഞ്ഞടിച്ച് ശശി തരൂർ എം.പി. 'ഒരു ഐ.എസ് തീവ്രവാദി എങ്ങനെയാണോ നിങ്ങളുടെ മതത്തിന്റെ പ്രതിനിധിയാകാത്തത് അതുപോലെ ഇത്തംര തെമ്മാടികൾ ഞങ്ങളുടെ മതത്തെയും പ്രതിനിധീകരിക്കുന്നില്ലെന്ന്' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.ബജ്‍രംഗ് മുനിയുടെ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
'ഒരു ഹിന്ദു എന്ന നിലയിൽ മുസ്‍ലിം സുഹൃത്തുക്കളോട് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുന്ന കാര്യമുണ്ട്. ഒരു ഐ.എസ് തീവ്രവാദി എങ്ങനെയാണോ നിങ്ങളുടെ മതത്തിന്റെ പ്രതിനിധിയാകാത്തത് അതുപോലെ ഇത്തംര തെമ്മാടികൾ ഞങ്ങളുടെ മതത്തെയും പ്രതിനിധീകരിക്കുന്നില്ല. ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഇത്തരക്കാരെ നിരസിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു. അവർ എവിടെയും ഞങ്ങൾക്ക് വേണ്ടിയോ ഹിന്ദുക്കൾക്ക് വേണ്ടിയോ സംസാരിക്കുന്നവരല്ല. അവർ അവർക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്' എന്നും തരൂർ ട്വീറ്റ് ചെയ്തു.
'ഏതെങ്കിലും മുസ്‍ലിം യുവാവ് ഒരു ഹിന്ദു പെൺകുട്ടിയെ ശല്യപ്പെടുത്തിയാൽ അവന്റെ അമ്മ പെങ്ങന്മാർ അടക്കമുള്ള എല്ലാ മുസ്‍ലിം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്നായിരുന്നു ബജ്‍രംഗ് മുനിയുടെ ആഹ്വാനം. സീതാപൂർ ജില്ലയിലെ പള്ളിക്ക് പുറത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഇയാൾ വിദ്വേഷ പ്രസംഗം നടത്തിയത്.
തടയാൻ ധൈര്യമുള്ളവർ അതിന് വരട്ടെയെന്നും ഇയാൾ പറഞ്ഞിരുന്നു. ഇത് കേട്ട് ചുറ്റും കേട്ടുനിന്നവർ കയ്യടിക്കുന്നതും വീഡിയോയിൽ കാണാം. മുനിയുടെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. നടി സ്വര ഭാസ്‌കർ ഉൾപ്പെടെ ഇയാളുടെ പ്രസംഗത്തിനെതിരെ രംഗത്ത് വന്നിരുന്നു.
അതേസമയം മുസ്‍ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന ഭീഷണി പ്രസംഗത്തിൽ ബജ്‍രംഗ് മുനിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടി നടി സ്വര ഭാസ്‌കർ ഉൾപ്പെടെയുള്ളവർ ഇയാൾക്കെതിരെ രംഗത്തെത്തിയരുന്നു. ഡൽഹി പൊലീസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു സ്വര ഭാസ്‌കർ ട്വീറ്റ് ചെയ്തത്. പുരോഹിതന്റെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ യു.പി പൊലീസ് ഇയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസംഗം നടന്ന് ആറ് ദിവസങ്ങൾക്ക് ശേഷമാണ് അന്വേഷണം നടത്തിയത്.