'മൂന്നിലൊന്ന് വോട്ടര്‍മാരുടെ മേൽവിലാസമോ ഫോൺ നമ്പറോ ഇല്ല': അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികക്കെതിരെ ശശി തരൂർ
|9000ലേറെ വോട്ടർമാരുണ്ട് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ. മൂവായിരത്തോളം വോട്ടർമാരുടെ വിവരങ്ങൾ അപൂർണമാണെന്നാണ് ശശി തരൂരിന്‍റെ പരാതി
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികക്കെതിരെ പരാതിയുമായി ശശി തരൂർ. മൂന്നിലൊന്ന് വോട്ടർമാരുടെ മേൽവിലാസമോ ഫോൺ നമ്പറോ പട്ടികയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി. മല്ലികാർജുൻ ഖാർഗെ ശ്രീനഗറിലും ഡൽഹിയിലും ശശി തരൂർ മുംബൈയിലും പ്രചാരണം തുടരുകയാണ്.
9000ല്‍ ഏറെ വോട്ടർമാർ ഉണ്ട് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ. ഇതിൽ മൂവായിരത്തോളം വോട്ടർമാരുടെ വിവരങ്ങൾ അപൂർണമാണ് എന്നാണ് ശശി തരൂർ ഉന്നയിക്കുന്ന പരാതി. ഇത്രയും വോട്ടർമാരുടെ ഫോൺ നമ്പറോ മേൽവിലാസമോ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് തരൂർ പരാതി നൽകിയത്.
സ്ഥാനാർഥിയായ തനിക്ക് വിവേചനം നേരിടേണ്ടി വരുന്നെന്ന പരാതിക്കിടെയാണ് ശശി തരൂർ ഇന്ന് പ്രചരണത്തിനായി മുംബൈയിൽ എത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് സുശീൽ കുമാർ ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മഹാരാഷ്ട്ര പിസിസി ഓഫീസിലും മുംബൈ ജില്ലാ കമ്മിറ്റി ഓഫീസിലും തരൂർ വോട്ട് അഭ്യർഥിച്ച് എത്തും.
ഖാർഗെ വോട്ട് തേടി എത്തിയപ്പോൾ പ്രചാരണത്തിന് പോലും നേതാക്കൾ ഇറങ്ങിയെന്നും എന്നാൽ തനിക്ക് ഇതിന് വിപരീത സ്വീകരണമാണ് ലഭിച്ചതെന്നും തരൂർ ഇന്നലെ പരാതി ഉന്നയിച്ചിരുന്നു. അതേസമയം ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഇന്ന് രാവിലെ പര്യടനം പൂർത്തിയാക്കി മല്ലികാർജുൻ ഖാർഗെ വൈകീട്ടോടെ ഡൽഹിയിൽ തിരിച്ചെത്തും.