India
ഒരിക്കൽ ഇന്ത്യയുടെ ശത്രു, പിന്നീട് സമാധാനത്തിന്റെ ശക്തിയായി- മുഷറഫിനെ അനുസ്മരിച്ച് തരൂർ; പ്രതിഷേധവുമായി ബി.ജെ.പി
India

'ഒരിക്കൽ ഇന്ത്യയുടെ ശത്രു, പിന്നീട് സമാധാനത്തിന്റെ ശക്തിയായി'- മുഷറഫിനെ അനുസ്മരിച്ച് തരൂർ; പ്രതിഷേധവുമായി ബി.ജെ.പി

Web Desk
|
5 Feb 2023 1:37 PM GMT

ട്വിറ്ററിലൂടെയാണ് തരൂർ മുഷറഫിന്റെ മരണത്തിൽ അനുശോചനമറിയിച്ച് രം​ഗത്തെത്തിയത്.

ന്യൂഡൽഹി: അന്തരിച്ച പാകിസ്താൻ മുൻ പ്രസി‍‍ഡന്റ് പർവേസ് മുഷറഫിനെ അനുസ്മരിച്ച് ശശി തരൂർ എം.പി. ഒരിക്കൽ ഇന്ത്യയുടെ അചഞ്ചലമായ ശത്രുവായിരുന്ന അദ്ദേഹം പിന്നീട് സമാധാനത്തിന്റെ ശക്തിയായി എന്നാണ് തരൂരിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് തരൂർ മുഷറഫിന്റെ മരണത്തിൽ അനുശോചനമറിയിച്ച് രം​ഗത്തെത്തിയത്.

ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിക്കുന്ന കാലത്ത് അദ്ദേഹത്തെ എല്ലാ വർഷം കാണാറുണ്ടായിരുന്നുവെന്നും മിടുക്കനായിരുന്നു എന്നും തരൂർ കൂട്ടിച്ചേർത്തു.

'മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് അപൂർവ രോ​ഗത്തെ തുടർന്ന് മരിച്ചു. ഒരിക്കൽ ഇന്ത്യയുടെ പ്രധാന ശത്രുവായിരുന്ന അദ്ദേഹം 2002-2007 കാലഘട്ടത്തിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന യഥാർഥ ശക്തിയായി മാറി. ആ കാലഘട്ടത്തിൽ യു.എന്നിൽ വച്ച് എല്ലാ വർഷവും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. ഊർജസ്വലനായാണ് അദ്ദേഹത്തെ കണ്ടിരുന്നത്. വളരെ സജീവമായിരുന്നു. തന്ത്രപ്രധാന നിലപാടുകളിൽ വ്യക്തത പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു. ആദരാഞ്ജലികൾ- തരൂർ ട്വീറ്റ് ചെയ്തു.

എന്നാൽ തരൂരിന്റെ അനുസ്മരണത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി രം​ഗത്തെത്തി. കോൺ​ഗ്രസിന്റെ പാകിസ്താൻ ആരാധനയെന്നാണ് ‌‌ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല ആരോപിച്ചത്.

"കാർഗിലിന്റെ ശില്പി, സ്വേച്ഛാധിപതി, ക്രൂരമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ടയാൾ. താലിബാനെയും ഒസാമയെയും സഹോദരന്മാരും വീരന്മാരും ആയി കണക്കാക്കിയ ആൾ. കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹം പോലും തിരികെ വാങ്ങാൻ വിസമ്മതിച്ച പർവേസ് മുഷറഫ്. അയാളെയാണ് കോൺഗ്രസ് പ്രശംസിക്കുന്നത്. നിങ്ങൾക്ക് ആശ്ചര്യം തോന്നുന്നുണ്ടോ?. കോൺ​ഗ്രസിന്റെ പാകിസ്താൻ ആരാധനയാണിത്- ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല ട്വീറ്റ് ചെയ്തു.



Similar Posts