കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം; പ്രചാരണത്തിരക്കില്‍ തരൂരും ഖാര്‍ഗെയും
|പി.സി.സികളുടെ നേതൃത്വത്തിൽ ഖാർഗെയ്ക്ക് സംസ്ഥാനങ്ങളിൽ വലിയ സ്വീകരണമാണ് ലഭിക്കുന്നത്
ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പോരാട്ടം ശക്തം. ശശി തരൂർ ഇന്ന് ഉത്തർപ്രദേശിലും മല്ലികാർജുൻ ഖാർഗെ കൊൽക്കത്തയിലും അസമിലും പ്രചാരണം നടത്തും. പി.സി.സികളുടെ നേതൃത്വത്തിൽ ഖാർഗെയ്ക്ക് സംസ്ഥാനങ്ങളിൽ വലിയ സ്വീകരണമാണ് ലഭിക്കുന്നത് .
ഔദ്യോഗിക സ്ഥാനാർഥിയും അനൗദ്യോഗിക സ്ഥാനാർഥിയും തമ്മിലാണ് മത്സരം എന്ന വിശേഷണത്തെ തരൂർ തള്ളിക്കളഞ്ഞിരിക്കുകയാണ്. എന്നാൽ പിസിസികളിൽ നിന്ന് ഖാർഗെയക്ക് ലഭിക്കുന്നത് വര്‍ണാഭമായ സ്വീകരണമാണ്. പി.സി.സി അധ്യക്ഷൻ,എ.ഐ.സി.സി ഭാരവാഹികൾ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യം ഖാർഗെയുടെ സ്വീകരണത്തിലുണ്ട്. ഇന്ന് ഉത്തർപ്രദേശിൽ എത്തുന്ന ശശി തരൂർ ,ലഖ്നൗ പി.സി.സി ആസ്ഥാനത്ത് പ്രധാന നേതാക്കളെ കാണാനാണ് ആഗ്രഹിക്കുന്നത്. പി.സി.സി ഭാരവാഹികൾ തരൂരിൽ നിന്നും ഒഴിഞ്ഞു മാറുന്ന കഴിഞ്ഞ ദിവസങ്ങളിലെ സാഹചര്യം ആവർത്തിക്കപ്പെടാനാണ് സാധ്യത.പ്രമുഖ നേതാക്കളാരും സ്വീകരിക്കാനെത്തിയില്ലെങ്കിലും പ്രവർത്തകരിൽ നിന്ന് ശശി തരൂരിന് ആവേശത്തോടെയുള്ള സ്വീകരണം ലഭിക്കുന്നുണ്ട്.
കൊൽക്കത്തക്ക് ശേഷം അസമിൽ എത്തുന്ന ഖാർഗെ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രചാരണത്തിന് എത്തുന്ന ഖാർഗെയക്ക് പി.സി.സികളുടെ നേതൃത്വത്തിൽ സ്വീകരണവും നൽകും.