India
shashi tharoor mocks at narendra modi anti corruption slogan

Shashi Tharoor

India

'ബീഫിനെക്കുറിച്ചാവും പറഞ്ഞത്': പ്രധാനമന്ത്രിയുടെ അഴിമതിവിരുദ്ധ മുദ്രാവാക്യത്തെ പരിഹസിച്ച് തരൂര്‍

Web Desk
|
28 Feb 2023 2:22 PM GMT

ബി.ജെ.പിയില്‍ ചേരുംമുന്‍പ് അഴിമതി ആരോപണം നേരിട്ട നേതാക്കളുടെ പട്ടിക ശശി തരൂര്‍ ട്വീറ്റ് ചെയ്തു

ഡല്‍ഹി: അഴിമതി വെച്ചുപൊറിപ്പിക്കില്ലെന്ന അര്‍ഥത്തില്‍ പ്രധാനമന്ത്രി മുന്നോട്ടുവെച്ച 'തിന്നുകയില്ല, തിന്നാന്‍ അനുവദിക്കുകയുമില്ല' എന്ന മുദ്രാവാക്യത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍‌. ബി.ജെ.പിയില്‍ ചേരുംമുന്‍പ് അഴിമതി ആരോപണം നേരിട്ട നേതാക്കളുടെ പട്ടികയാണ് ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. 'തിന്നുകയില്ല, തിന്നാന്‍ അനുവദിക്കുകയുമില്ല' എന്നതുകൊണ്ട് ബീഫ് ആവാം പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് തരൂര്‍ പരിഹസിച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ശിവസേന ഷിന്‍ഡെ പക്ഷ നേതാക്കള്‍ തുടങ്ങിയവരുടെ പേരാണ് തരൂര്‍ പ്രസിദ്ധീകരിച്ച പട്ടികയിലുള്ളത്. ഈ നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങളുടെ അന്വേഷണം ഇവര്‍ ബി.ജെ.പിയിലെത്തിയതോടെ അവസാനിച്ചെന്നാണ് തരൂരിന്‍റെ ആരോപണം.

"മുന്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണെക്കെതിരെ 300 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം ഉയര്‍ന്നു. ബി.ജെ.പിയില്‍ ചേര്‍ന്നതോടെ അന്വേഷണം അവസാനിച്ചു. നാരദ കേസില്‍ അന്വേഷണം നേരിട്ട തൃണമൂല്‍ നേതാവ് സുവേന്ദു അധിക്കാരിക്കെതിരായ നടപടികള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ അവസാനിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വ ശര്‍മയ്ക്കെതിരായ അഴിമതി ആരോപണത്തിലെ അന്വേഷണം അദ്ദേഹം ബി.ജെ.പിയില്‍ എത്തിയതോടെ നിലച്ചു. ശിവസേന പിളര്‍ന്നതോടെ ഷിന്‍ഡെ പക്ഷത്തെത്തിയ ഭാവ്ന ഗാവ്‍ലിയെ ഇ.ഡി അഞ്ചു തവണ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ഇപ്പോള്‍ ഷിന്‍ഡെ പക്ഷ ശിവസേനയുടെ ലോക്സഭയിലെ ചീഫ് വിപ്പാണ് ഭാവ്ന. ദമ്പതികളായ യശ്വന്ത് യാദവ്, യാമിനി എന്നിവര്‍ വിദേശ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപണം ഉയര്‍ന്നു. ഷിന്‍ഡെ പക്ഷത്തായതോടെ ആ കേസുകള്‍ക്ക് എന്തുസംഭവിച്ചു? കള്ളപ്പണ കേസില്‍ ഇ.ഡി റെയ്ഡ് ചെയ്ത പ്രതാപ് സര്‍നായിക്ക് ഷിന്‍ഡെ പക്ഷത്ത് എത്തിയതോടെ കേസ് അവസാനിച്ചു"- എന്നാണ് ട്വീറ്റിനൊപ്പമുള്ള പട്ടികയിലുള്ളത്.

ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ മദ്യനയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശശി തരൂരിന്‍റെ ട്വീറ്റ്. അറസ്റ്റിന് പിന്നാലെ സിസോദിയ മന്ത്രിസ്ഥാനം രാജിവെച്ചു.

Summary- Senior Congress leader Shashi Tharoor on Tuesday shared a list of leaders against whom graft probes were allegedly stopped after they switched sides to the BJP and took a swipe at Prime Minister Narendra Modi's 'na khaunga na khane dunga' slogan, saying that probably "he was only talking about beef"

Related Tags :
Similar Posts