India
കപില്‍ സിബല്‍ യഥാര്‍ഥ കോണ്‍ഗ്രസുകാരന്‍; അദ്ദേഹം പറയുന്നത് കേള്‍ക്കണമെന്ന് ശശി തരൂര്‍
India

കപില്‍ സിബല്‍ യഥാര്‍ഥ കോണ്‍ഗ്രസുകാരന്‍; അദ്ദേഹം പറയുന്നത് കേള്‍ക്കണമെന്ന് ശശി തരൂര്‍

Web Desk
|
30 Sep 2021 12:35 PM GMT

കോണ്‍ഗ്രസിന് ഒരു മുഴുവന്‍ സമയ പ്രസിഡന്റില്ലാത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബലിന് പിന്തുണയുമായി ശശി തരൂര്‍ എം.പി. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ച കപില്‍ സിബലിന്റെ വീടിന് മുന്നില്‍ ബുധനാഴ്ച രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ കാര്‍ കേടുവരുത്തുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ചാണ് ശശി തരൂരിന്റെ പ്രതികരണം.

കപില്‍ സിബല്‍ യഥാര്‍ഥ കോണ്‍ഗ്രസുകാരനാണെന്ന് നമുക്കറിയാം. കോണ്‍ഗ്രസിനായി ഒന്നിലധികം കേസുകളില്‍ കോടതിയില്‍ പോരാടിക്കൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹം. ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ അദ്ദേഹം പറയുന്നത് കേള്‍ക്കാന്‍ നാം തയ്യാറാവണം. വിയോജിപ്പുണ്ടെങ്കില്‍ അക്രമത്തിലൂടെയല്ല പ്രതികരിക്കേണ്ടത്. ബി.ജെ.പിക്കെതിരെ പോരാടാന്‍ സ്വയം ശക്തിപ്പെടുത്താനാണ് നമ്മള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്-ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിന് ഒരു മുഴുവന്‍ സമയ പ്രസിഡന്റില്ലാത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം. തീരുമാനമെടുക്കുന്നത് ആരെന്ന് അറിയില്ല, നേതൃത്വം സ്വന്തക്കാരായി കരുതിയവരെല്ലാം പാര്‍ട്ടി വിട്ടുപോവുകയാണ്. നേതൃത്വം ശത്രുക്കളായി കരുതിയവരാണ് ഇപ്പോഴും പാര്‍ട്ടിയില്‍ നില്‍ക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ഇന്നലെ രാത്രി പ്രതിഷേധവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കപില്‍ സിബലിന്റെ വീടിന് മുന്നിലെത്തിയത്. ഡല്‍ഹി യൂത്ത് കോണ്‍ഗ്രസിന്റെ പേരിലായിരുന്നു പ്രതിഷേധം. പാര്‍ട്ടിയുടെ നല്ലകാലത്ത് എല്ലാ ആനുകൂല്യങ്ങളും പറ്റിയ കപില്‍ സിബല്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

വേഗം സുഖംപ്രാപിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. കപില്‍ സിബലിന്റെ വീടിനുമുന്നില്‍ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ വീടിന് നേരെ തക്കാളി എറിയുകയും കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. പാര്‍ട്ടി വിടുക, ബോധത്തിലേക്ക് തിരികെയെത്തുക എന്നതായിരുന്നു പ്ലക്കാര്‍ഡുകളിലെ ആവശ്യം.

കപില്‍ സിബലിന്റെ വിമര്‍ശനത്തിന് പിന്നാലെ പാര്‍ട്ടി വര്‍ക്കിങ് കമ്മിറ്റി അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് സോണിയാ ഗാന്ധിക്ക് കത്തയച്ചു. പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട ജി 23 നേതാക്കളില്‍ പെട്ടവരാണ് കപില്‍ സിബല്‍, ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങിയവര്‍.


Similar Posts