രക്തമൊലിക്കുന്നുണ്ടായിരുന്നു, അവളുടെ കണ്ണുകള്‍ വീര്‍ത്തിരുന്നു; ഉജ്ജയിനില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ രക്ഷിച്ച പുരോഹിതന്‍
|ഉജ്ജയിൻ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ ബദ്‌നഗർ റോഡില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തിലെ പുരോഹിതനാണ് രാഹുല്‍
ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ പീഡനത്തിനിരയായി രക്തമൊലിച്ച് അര്‍ധ നഗ്നയായി സഹായം തേടി വീടുവീടാന്തരം കയറിയിറങ്ങിയ പന്ത്രണ്ടുകാരിയുടെ വീഡിയോ രാജ്യത്തെ ഞെട്ടിച്ചിരുന്നു. എല്ലാവരാലും ആട്ടിയോടിക്കപ്പെട്ട പെണ്‍കുട്ടിയെ ഒരു ആശ്രമത്തിലെ പുരോഹിതനാണ് ആശുപത്രിയിലെത്തിച്ചത്. താന്‍ കാണുമ്പോള്‍ കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് രാഹുല്‍ ശര്‍മ പറഞ്ഞു.
ഉജ്ജയിൻ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ ബദ്‌നഗർ റോഡില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തിലെ പുരോഹിതനാണ് രാഹുല്‍. തിങ്കളാഴ്ച രാവിലെ 9.30 ഓടെ ആശ്രമത്തിൽ നിന്ന് ജോലിക്ക് പോകുമ്പോൾ ഗേറ്റിന് സമീപം നിലയിൽ രക്തം വാർന്ന നിലയിൽ പെൺകുട്ടിയെ രാഹുല്‍ കണ്ടിരുന്നു. "ഞാൻ അവൾക്ക് എന്‍റെ വസ്ത്രങ്ങൾ കൊടുത്തു. അവളുടെ ദേഹത്തു നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. സംസാരിക്കാൻ കഴിയുമായിരുന്നില്ല. അവളുടെ കണ്ണുകൾ വീർത്തിരുന്നു. ഞാൻ 100 ൽ വിളിച്ചു.ഹെൽപ് ലൈനിൽ പൊലീസിനെ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ, ഞാൻ മഹാകാൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ അറിയിച്ചു. ഏകദേശം 20 മിനിറ്റിനുള്ളിൽ പൊലീസ് ആശ്രമത്തിലെത്തി," അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടി സഹായത്തിനായി വീടുകള്‍ കയറിയിറങ്ങുന്നതും ആരും സഹായിക്കാത്തതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഒരാള്‍ കുട്ടിയെ ആട്ടിയോടിക്കുന്നതും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കുട്ടി തന്നോട് സംസാരിച്ചെങ്കിലും ഒന്നും ശരിക്കും മനസിലായില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. "ഞങ്ങൾ അവളുടെ പേര്, കുടുംബം എന്നിവയെക്കുറിച്ച് ചോദിച്ചു. അവൾ സുരക്ഷിതയാണെന്നും ഞങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്ന തരത്തിൽ അവളുടെ കുടുംബത്തെ ബന്ധപ്പെടാന്‍ സാധിക്കുന്ന വിശദാംശങ്ങൾ പങ്കിടണമെന്നും ആവശ്യപ്പെട്ടു. പക്ഷേ അവൾ വളരെ ഭയപ്പെട്ടു," ശർമ്മ കൂട്ടിച്ചേര്‍ത്തു.
പൊലീസുകാർ വരുന്നതുവരെ പെൺകുട്ടിക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞതായി പുരോഹിതൻ പറഞ്ഞു. "മറ്റൊരാൾ അവളെ സമീപിക്കുമ്പോഴെല്ലാം അവൾ എന്‍റെ പിന്നിൽ ഒളിക്കാൻ ശ്രമിച്ചു. പിന്നീട് പൊലീസ് വന്ന് അവളെ അവരുടെ കൂടെ കൊണ്ടുപോയി." പെണ്‍കുട്ടി ഏതോ സ്ഥലത്തിന്‍റെ പേര് പറഞ്ഞെങ്കിലും മനസിലായില്ലെന്നും പുരോഹിതന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. സംഭവത്തില്‍ ഒരു ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.