India
Eknath Shinde
India

ചെമ്മരിയാടുകൾക്കും ആടുകള്‍ക്കും സിംഹത്തോട് പോരാടാനാകില്ല:മോദിയെ തോല്‍പ്പിക്കാനാകില്ലെന്ന് ഷിന്‍ഡെ

Web Desk
|
18 Sep 2023 5:38 AM GMT

ഞാൻ പ്രതിപക്ഷത്തെ കഴുകന്മാരെന്ന് വിളിക്കില്ല

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപ്പിക്കുന്നതിനെ കുറിച്ച് മാത്രമാണ് പ്രതിപക്ഷ പാർട്ടികൾ ചിന്തിക്കുന്നതെന്നും എന്നാൽ കാട്ടിൽ സിംഹത്തിനെതിരെ പോരാടാൻ ചെമ്മരിയാടിനും ആടിനും കഴിയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.

"ഞാൻ പ്രതിപക്ഷത്തെ കഴുകന്മാരെന്ന് വിളിക്കില്ല, പക്ഷേ കാട്ടിൽ സിംഹത്തിനെതിരെ പോരാടാൻ ചെമ്മരിയാടുകൾക്കും ആടുകൾക്കും ഒരുമിച്ച് വരാനാവില്ല. സിംഹം എപ്പോഴും സിംഹമാണ്, അവൻ കാട് ഭരിക്കും'' ശ്രീനഗറില്‍ ഒരു ഹിന്ദി ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തെ വെല്ലുവിളിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രതിപക്ഷം എവിടെയും ഒരു കുപ്രചരണം നടത്തുന്നതായി താൻ കാണുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുന്നതിനെക്കുറിച്ച് മാത്രമാണ് പ്രതിപക്ഷം ചിന്തിക്കുന്നതെന്ന് ഷിന്‍ഡെ പറഞ്ഞു.

മഹാരാഷ്ട്രയിലെ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ നിലയെക്കുറിച്ച് ഷിൻഡെ പറഞ്ഞു, “അജിത് പവാർ ഞങ്ങളോടൊപ്പം ചേരാൻ തീരുമാനിച്ചതിന് ശേഷം, എന്‍റെ സർക്കാർ (ബിജെപി-ശിവസേന-എൻസിപിയുടെ അജിത് പവാർ വിഭാഗം) 215ലധികം എംഎൽഎമാരുടെ പിന്തുണ ആസ്വദിക്കുന്നു. സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല''. “ഞങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. തങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരാളെ വേണോ അതോ വീട്ടിൽ ഇരിക്കുന്നവനെ വേണോ എന്ന് ആളുകൾ തീരുമാനിക്കും.ഉദ്ധവ് താക്കറെയെ പേരെടുത്ത് പറയാതെ ഷിൻഡെ പറഞ്ഞു.

പ്രതിപക്ഷ പാളയത്തിലെ നേതാക്കളെ ലക്ഷ്യം വയ്ക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ, അഴിമതി നടത്തിയെന്ന് സംശയിക്കുന്നവർക്കെതിരെ ഇഡി നടപടിയെടുക്കുമെന്ന് ഷിൻഡെ കൂട്ടിച്ചേര്‍ത്തു.

Similar Posts