India
Uddhav Thackeray
India

'ഷിൻഡെ ഡൽഹിക്ക് മുന്നിൽ തലകുനിച്ച് നിൽക്കുന്നു, പോരാട്ടം മഹാരാഷ്ട്രയെ വെറുക്കുന്നവർക്കെതിരെ': ഉദ്ധവ് താക്കറെ

Web Desk
|
11 Aug 2024 4:56 AM GMT

പ്രധാനമന്ത്രി മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ഉന്നമിട്ടായിരുന്നു ഉദ്ധവിന്റെ ഡല്‍ഹി പരാമര്‍ശം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡയേയും ബി.ജെ.പിയേയും കടന്നാക്രമിച്ച് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ. ഏക്നാഥ് ഷിന്‍ഡെ ഒന്നും ചെയ്യുന്നില്ലെന്നും ഡല്‍ഹിക്ക് തലകുനിച്ച് ഇരിക്കുകയാണെന്നും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദിയേയും അമിത് ഷായേയും ഉന്നമിട്ടായിരുന്നു ഡല്‍ഹി പരാമര്‍ശം.

ഷിൻഡെയുടെ കോട്ടയായ താനെ നഗരത്തിൽ നടന്ന പാർട്ടി സമ്മേളനത്തിലാണ് അദ്ദേഹം സര്‍ക്കാറിനെതിരെ തുറന്നടിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലഡ്‌കി ബഹിൻ യോജന പ്രഖ്യാപനത്തിലൂടെ വോട്ടർമാർക്ക് കൈക്കൂലി നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. വരുന്ന ഒക്ടോബറിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

സ്വന്തം പണമായതിനാൽ തന്നെ പദ്ധതി, സ്ത്രീകള്‍ പ്രയോജനപ്പെടുത്തണമെന്നും എന്നാൽ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും മുൻ മുഖ്യമന്ത്രികൂടിയായ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ ലഭിക്കുന്ന പദ്ധതിയുടെ പരമാവധി പ്രയോജനം ഭരണ സഖ്യത്തിന് ലഭിക്കുന്നതിന് നവംബറിലേക്ക് തെരഞ്ഞെടുപ്പ് നീട്ടാന്‍ സാധ്യതയുണ്ടെന്നും ഉദ്ധവ് പറഞ്ഞു.

'ഡൽഹിക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുകയാണ് ഷിന്‍ഡെ. എന്നാല്‍ ബാൽ താക്കറെയുടെ പാരമ്പര്യം അങ്ങനെയായിരുന്നില്ല. മഹാരാഷ്ട്രയെ വെറുക്കുന്നവർക്കെതിരെയായിരിക്കും ഇത്തവണത്ത നിയമസഭാ തെരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു.

താനെയിലെ ഈ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു മഹാരാഷ്ട്ര നവനിർമ്മാൺ സേന (എം.എൻ.എസ്) പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും അദ്ദേഹത്തിൻ്റെ വാഹനവ്യൂഹത്തിന് നേരെ തക്കാളിയും ചാണകവും എറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ചില എം.എൻ.എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാല്‍ സംഭവത്തെക്കുറിച്ച് താക്കറെ തൻ്റെ പ്രസംഗത്തിൽ പരാമർശിക്കാത്തതും കൗതുകമായി. അതേസമയം ബീഡ് നഗരത്തിൽ ഉദ്ധവിൻ്റെ ബന്ധുവും എം.എൻ.എസ് മേധാവിയുമായ രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ഉദ്ധവ് വിഭാഗം പ്രവര്‍ത്തകര്‍ വെറ്റില എറിഞ്ഞിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഉദ്ധവിന് നേരെയുള്ള ആക്രമണമെന്നാണ് വിലയിരുത്തല്‍.

കള്ളവോട്ട് തടയുന്നതിന് വോട്ടർപട്ടിക പരിശോധിക്കാനും പാർട്ടിയുടെ ചിഹ്നമായ 'ജ്വലിക്കുന്ന പന്തം' നിയോജക മണ്ഡലത്തിലെ എല്ലാ വ്യക്തികളിലേക്ക് എത്തിക്കാനും അദ്ദേഹം പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇൻഡ്യ സഖ്യം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കും നേട്ടം ആവർത്തിക്കാമെന്നാണ് ഇൻഡ്യ സഖ്യത്തിന്റെ പ്രതീക്ഷ. ചില അഭിപ്രായ സർവേകളൊക്കെ ആ വഴിക്കാണ് വരുന്നത്.

Similar Posts