'ഷിൻഡെ സർക്കാറിന് ആയുസ് ആറ്മാസം മാത്രം'; എല്ലാവരും ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് ശരദ് പവാർ
|ഷിൻഡെയെ പിന്തുണയ്ക്കുന്ന പല വിമത എം.എല്‍.എമാരും നിലവിലെ ക്രമീകരണത്തിൽ തൃപ്തരല്ലെന്നും പവാർ
മുംബൈ: മഹാരാഷ്ട്രയിൽ വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ അടുത്ത ആറ് മാസത്തിനുള്ളിൽ വീഴുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാർ. അതിനാൽ മഹാരാഷ്ട്രയിൽ ഉടൻ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ എൻസിപി നിയമസഭാംഗങ്ങളെയും പാർട്ടിയുടെ മറ്റ് നേതാക്കളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പവാർ.
'ഷിൻഡെയെ പിന്തുണയ്ക്കുന്ന പല വിമത എം.എല്‍.എമാരും നിലവിലെ ക്രമീകരണത്തിൽ തൃപ്തരല്ലെന്ന് പവാർ പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ, അവരുടെ അസ്വസ്ഥത പുറത്തുവരും, ഇത് സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമാകും,' അദ്ദേഹം പറഞ്ഞു.
ഇതോടെ നിരവധി വിമത എംഎൽഎമാരെ അവരുടെ യഥാർത്ഥ പാർട്ടിയിലേക്ക് മടങ്ങുന്നതിലേക്ക് നയിക്കുമെന്നും പവാർ ചൂണ്ടിക്കാട്ടി. നമ്മുടെ കയ്യിൽ ആറ് മാസമുണ്ട്. എൻസിപി നിയമസഭാംഗങ്ങൾ അതത് നിയമസഭാ മണ്ഡലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നും അദ്ദേഹം നിർദേശം നൽകി.
ഏറെ നാളത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം ഏക്‌നാഥ് ഷിൻഡെ വ്യാഴാഴ്ചയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു. 40 ഓളം വിമത എം.എൽ.എമാരാണ് ഷിൻഡെക്കൊപ്പം ചേർന്നത്. ഇതോടെയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ നിലം പൊത്തിയത്.