India
മഹാരാഷ്ട്ര മന്ത്രിസഭാ വികസനം: ഷിന്‍ഡെ പക്ഷത്ത് അതൃപ്തി പുകയുന്നു
India

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം: ഷിന്‍ഡെ പക്ഷത്ത് അതൃപ്തി പുകയുന്നു

Web Desk
|
15 Aug 2022 1:38 AM GMT

സുപ്രധാന സ്ഥാനങ്ങൾ എല്ലാം ബി.ജെ.പിക്ക് നൽകിയതിലാണ് ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി

മഹാരാഷ്ട്ര മന്ത്രിസഭാ വികസനത്തിന് പിന്നാലെ ഷിന്‍ഡെ പക്ഷ ശിവസേനയിൽ അതൃപ്തി പുകയുന്നു. സുപ്രധാന സ്ഥാനങ്ങൾ എല്ലാം ബി.ജെ.പിക്ക് നൽകിയതിലാണ് ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. അതേസമയം ചില ശിവസേന നേതാക്കളുടെ വകുപ്പുകളിൽ ബി.ജെ.പിയും അതൃപ്തി പ്രകടിപ്പിച്ചു.

മഹാ വികാസ് അഘാഡി സഖ്യത്തിൽ എൻ.സി.പി കൈകാര്യം ചെയ്തിരുന്ന സുപ്രധാന വകുപ്പുകളാണ് ബി.ജെ.പി ഏറ്റെടുത്തത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഏറ്റെടുത്ത ധനകാര്യം ഉൾപ്പെടെ ഇതിൽ പെടും. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന രാധാകൃഷ്ണ വിഖേയ്ക്ക് റവന്യൂ വകുപ്പും മന്ത്രിസഭയിലെ പുതുമുഖമായ അതുൽ സാവേക്ക് സഹകരണ വകുപ്പും ബി.ജെ.പി ചോദിച്ച് വാങ്ങി. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നീ വകുപ്പുകൾ ആണ് നിലവിൽ ശിവസേനയ്ക്ക് ലഭിച്ചതിൽ പ്രധാന വകുപ്പുകൾ. ഈ വകുപ്പ് വിഭജനത്തിൽ ബി.ജെ.പിയിലും അതൃപ്തി ഉണ്ട്. ആവശ്യമെങ്കിൽ അടുത്ത ഘട്ട മന്ത്രിസഭാ വികസനത്തിന് മുൻപായി വകുപ്പുകൾ വെച്ചുമാറാമെന്ന് ഫഡ്‌നാവിസ് അറിയിച്ചിട്ടുണ്ട്.

ശിവസേന ഇനി പ്രതീക്ഷ വെയ്ക്കുന്നത് നികത്താനുള്ള 20 മന്ത്രി സ്ഥാനങ്ങളിൽ ആണ്. നിലവിൽ ഒരു വനിതാ അംഗം പോലും ഇല്ലാത്ത മന്ത്രിസഭയിൽ കൂടുതൽ വകുപ്പുകൾ ലഭിക്കാൻ ആണ് ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയുടെ നീക്കം. എന്നാൽ മുൻധാരണ പ്രകാരം സുപ്രധാന സ്ഥാനങ്ങളും കൂടുതൽ മന്ത്രി സ്ഥാനങ്ങളും ബി.ജെ.പി വിട്ട് നൽകാൻ സാധ്യത ഇല്ല.

Similar Posts