സിഖ് സമൂഹത്തെ തെറ്റായി ചിത്രീകരിക്കുന്നു; കങ്കണയുടെ എമര്‍ജന്‍സിയുടെ റിലീസ് തടയണമെന്ന് ശിരോമണി അകാലിദള്‍
|കങ്കണ മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി വേഷമിടുന്ന ചിത്രം സെപ്തംബര്‍ 6നാണ് തിയറ്ററുകളിലെത്തുന്നത്
ഡല്‍ഹി: അടിയന്താരവസ്ഥ പ്രമേയമാക്കി നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന 'എമര്‍ജന്‍സി'യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ശിരോമണി അകാലിദള്‍. ചിത്രം വര്ഗീ സംഘര്‍ഷം വളർത്താനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.ശിരോമണി അകാലിദളിൻ്റെ ഡൽഹി യൂണിറ്റ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് അഭ്യര്‍ഥിച്ചു. കങ്കണ മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി വേഷമിടുന്ന ചിത്രം സെപ്തംബര്‍ 6നാണ് തിയറ്ററുകളിലെത്തുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലറില്‍ സിഖ് സമുദായത്തെ തെറ്റായി ചിത്രീകരിക്കുക മാത്രമല്ല, വിദ്വേഷവും സാമൂഹിക വിയോജിപ്പും പ്രോത്സാഹിപ്പിക്കുന്ന തെറ്റായ ചരിത്ര വസ്തുതകൾ ചിത്രീകരിക്കുന്നുവെന്നും പാർട്ടിയുടെ ഡൽഹി പ്രസിഡൻ്റ് പരംജിത് സിംഗ് സർന ബുധനാഴ്ച ബോർഡിന് അയച്ച കത്തിൽ പറയുന്നു. ഇത്തരം ചിത്രീകരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നത് മാത്രമല്ല, പഞ്ചാബിൻ്റെയും മുഴുവൻ രാജ്യത്തിൻ്റെയും സാമൂഹിക ഘടനയെ ആഴത്തിൽ കുറ്റപ്പെടുത്തുന്നതും ഹാനികരവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'എമര്‍ജന്‍സി' നിരോധിക്കണമെന്ന ആവശ്യവുമായി സിഖ് സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയില്‍ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡൻ്റ് ഹർജീന്ദർ സിംഗ് ധാമിയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയത്. കഴിഞ്ഞ കങ്കണക്ക് നേരെ സിഖ് വിഘടനവാദ ഗ്രൂപ്പുകള്‍ വധഭീഷണി ഉയര്‍ത്തിയിരുന്നു. ''സിനിമയിൽ ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെ തീവ്രവാദിയായി ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ ആരുടെ സിനിമ ചെയ്യുന്നുവോ ആ വ്യക്തിക്ക് (ഇന്ദിരാഗാന്ധി) എന്താണ് സംഭവിച്ചതെന്ന് ഓർക്കുക'' എന്നായിരുന്നു ഭീഷണി.
ഇന്ദിരയായിട്ടുള്ള കങ്കണയുടെ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്, മലയാളി താരം വിശാഖ് നായര്‍, അന്തരിച്ച നടന് സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ സംഗീതം സഞ്ചിത് ബൽഹാരയാണ്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എമര്‍ജന്‍സിയുടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നും കങ്കണ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. കന്നി വിജയത്തിനു ശേഷമാണ് കങ്കണയുടെ ചിത്രം തിയറ്ററുകളിലെത്തുന്നത്.