India
aditya thackeray
India

‘വഖഫ് നിയമ ഭേദഗതി അദാനിക്ക് ഭൂമി കൈമാറാൻ വേണ്ടി’; ​കേന്ദ്ര സർക്കാറിനെതിരെ ശിവസേന നേതാവ്

Web Desk
|
20 Aug 2024 12:17 PM GMT

‘മഹാ വികാസ് അഗാഡി സർക്കാർ അധികാരത്തിൽ വന്നാൽ അദാനിക്ക് നൽകിയ കരാർ റദ്ദാക്കും’

മുംബൈ: വഖഫ് ഭൂമികൾ വ്യവസായി ഗൗതം അദാനിക്ക് കൈമാറാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ വഖഫ് നിയമ ഭേദഗതി കൊണ്ടുവരുന്നതെന്ന് ശിവസേന ഉദ്ധവ് താക്കറെ യുവനേതാവ് ആദിത്യ താക്കറെ. മുംബൈ ധാരാവിയിൽ നടന്ന ധാരാവി ബച്ചാവോ ആ​ന്ദോളൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ധാരാവി നിവാസിയെയും ഇവിടെനിന്ന് നിർബന്ധിപ്പിച്ച് വിട്ടുപോകാൻ അനുവദിക്കില്ലെന്നും അവർക്ക് വേണ്ട സംരക്ഷണങ്ങൾ നൽകുമെന്നും ​ആദിത്യ താക്കശറ പറഞ്ഞു. ധാരാവി ചേരി പുനർവികസന പദ്ധതിയുടെ ടെൻഡർ അദാനിയുടെ കമ്പനിക്കാണ് മഹാരാഷ്ട്ര സർക്കാർ നൽകിയിട്ടുള്ളത്.

മഹാ വികാസ് അഗാഡി സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ അദാനിക്ക് നൽകിയ കരാർ റദ്ദാക്കി പുതിയ ടെൻഡർ വിളിക്കുമെന്ന് ആദിത്യ താക്കറെ പറഞ്ഞു. ഓരോ കുടുംബത്തിനും 500 ചതരുശ്ര അടി വിസ്തീർണമുള്ള വീട് നൽകും. അദാനിയാണ് മോദിയുടെയും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡയുടെയും യജമാനനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ വ്യവസായി ഗൗതം അദാനിയുടെ കമ്പനിക്ക് നൽകിയ ധാരാവി ചേരി പുനർവികസന പദ്ധതിയുടെ ടെൻഡർ റദ്ദാക്കുമെന്ന് ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും നേരത്തേ വ്യക്തമാക്കിയിരുന്നു. ധാരാവി നിവാസികളെയും കച്ചവട സ്ഥാപനങ്ങളെയും പിഴുതുമാറ്റി​ല്ലെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തിരുന്നു.

ധാരാവിയിലെ നിവാസികൾക്ക് ആ പ്രദേശത്ത് തന്നെ 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടെങ്കിലും നൽകണം. എന്തുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കാത്തതെന്ന് സർക്കാർ ഉടൻ മറുപടി നൽകണം. മുംബൈയെ അദാനി സിറ്റിയാക്കി മാറ്റാൻ തങ്ങൾ അനുവദിക്കില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ് ധാരാവി. ഇവിടം പുനർവികസിപ്പിക്കാൻ നൽകിയ കരാറിൽ വ്യക്തമാക്കിയിട്ടില്ലാത്ത പല ഇളവുകളും അദാനിക്ക് നൽകിയിട്ടുണ്ട്. ഞങ്ങൾ അധിക ഇളവുകൾ നൽകില്ല. ധാരാവിയിൽ താമസിക്കുന്ന ജനങ്ങൾക്ക് നല്ലതെന്താണെന്ന് നോക്കി അത് ചെയ്യും. അല്ലാത്തപക്ഷം പുതിയ ടെൻഡർ നൽകുമെന്നും താക്കറെ പറഞ്ഞു.

ധാരാവിയിലെ ഓരോ വീടിനും അധികൃതർ നമ്പർ നൽകുന്നുണ്ട്. ധാരാവി നിവാസികളെ യോഗ്യതയുടെയും അയോഗ്യതയുടെയും കെണിൽ അകപ്പെടുത്താനും തുടർന്ന് അവരെ ആട്ടിയോടിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ധാരവിയിലുള്ളവരെ മറ്റു സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കാനായി സർക്കാർ ഭൂമി വാങ്ങിക്കൂട്ടുന്നുണ്ട്. ഇത്തരത്തിൽ 20 സ്ഥലങ്ങൾ സർക്കാർ വാങ്ങിയിട്ടുണ്ട്. മാറ്റിത്താമസിപ്പിക്കുന്ന സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്. ഇത് നഗരത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ധാരാവി പുനർവികസന പദ്ധതി ഇൻഡ്യാ സഖ്യത്തിന്റെ പ്രധാന പ്രചാരണ ആയുധമായിരുന്നു. ധാരാവി ഉൾ​ക്കൊള്ളുന്ന മണ്ഡലത്തിൽ ശിവസേന (യു.ബി.ടി) സ്ഥാനാർഥിയാണ് വിജയിച്ചത്. ധാരാവി നിയമസഭാ മണ്ഡലത്തിൽ വലിയ ഭൂരിപക്ഷം തന്നെ നേടിയിരുന്നു. ധാരാവി ചേരി പുനർവികസന പദ്ധതിയുടെ ടെൻഡർ 2022 നവംബറിലാണ് അദാനി ​പ്രോപ്പർട്ടീസിന് നൽകിയത്. ഡി.എൽ.എഫും നമാൻ ഡെവലപ്പേഴ്സുമാണ് ലേലത്തിൽ പ​ങ്കെടുത്ത മറ്റു കമ്പനികൾ.

Similar Posts