‘മോദിയുടെയും അമിത് ഷായുടെയും മുഖംമൂടി വലിച്ചിട്ടു’; രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മുഖപത്രം
|‘മോദിയെയും അമിത് ഷായെയും അവരുടെ മൈതാനത്ത് കയറി ആക്രമിക്കാൻ ആരും ധൈര്യപ്പെട്ടിട്ടില്ല
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിമർശിച്ച് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’യുടെ എഡിറ്റോറിയൽ.
‘ബി.ജെ.പി ഹിന്ദുക്കളെയും ഹിന്ദുത്വയെയും പ്രതിനിധീകരിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഹിന്ദുത്വ മുഖംമൂടി അദ്ദേഹം ഊരിമാറ്റി. രാഹുൽ ഗാന്ധി മുഴുവൻ അഭിനന്ദവും അർഹിക്കുന്നു’ -എഡിറ്റോറിയലിൽ വ്യക്തമാക്കി.
‘ഹിന്ദുത്വത്തിന്റെ പേരിൽ ബി.ജെ.പി അക്രമം കാണിക്കുകയും വിദ്വേഷം പരത്തുകയുമാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. യഥാർഥ ഹിന്ദുക്കൾ സഹിഷ്ണതയുള്ളവരാണെന്നും ഭയമില്ലാതെ സത്യത്തെ മുറുകെ പിടിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി ഹിന്ദുക്കളെ അപമാനിച്ചെന്നാണ് പ്രധാനമന്ത്രി എഴുന്നേറ്റുനിന്ന് ആരോപിച്ചത്. രാഹുൽ പ്രധാനമന്ത്രിക്ക് മറുപടി നൽകി. നിങ്ങൾക്ക് ഹിന്ദുത്വമെന്താണെന്ന് മനസ്സിലാകില്ലെന്ന് രാഹുൽ പറഞ്ഞു. ബി.ജെ.പി ഹിന്ദുത്വയല്ല. ഈ സമയത്ത് മോദിയുടെയും ഷായുടെയും മുഖം ഇത് വിശ്വസിക്കുന്നതായി കാണപ്പെട്ടു.
രാഹുൽ ഗാന്ധി ചെയ്തത് പോലെ മോദിയെയും അമിത്ഷായെയും അവരുടെ മൈതാനത്ത് കയറി ആക്രമിക്കാൻ ആരും ധൈര്യപ്പെട്ടിട്ടില്ല. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ രണ്ട് സർക്കാറുകളും മൃഗീയ ഭൂരിപക്ഷം കാരണം പാർലമെന്റിനെ അവരുടെ കാൽക്കീഴിൽ നിർത്തുകയായിരുന്നു. എന്നാൽ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിപക്ഷം ഉയർന്നുവന്നതോടെ, ഹിന്ദുത്വത്തിന്റെ പേരിൽ തന്നിഷ്ടം കാണിച്ചവർ ചോദ്യംചെയ്യപ്പെടുകയാണ്.
താൻ ജീവശാസ്ത്രപരാമായി ജനിച്ചതല്ലെന്നും ദൈവത്താൽ അയച്ചതാണെന്നുമുള്ള മോദിയുടെ വാദത്തെയും രാഹുൽ പൊളിച്ചെഴുതി. നോട്ട് നിരോധനം നടപ്പാക്കാൻ ദൈവം നിർദേശിച്ചുവോ എന്ന് രാഹുൽ ചോദിച്ചു. മുംബൈ എയർപോർട്ട് അദാനിക്ക് കൈമാറാനും ദൈവം നിർദേശിച്ചോ? ലോക്സഭാ സ്പീക്കറുടെ സഹായം തേടുകയല്ലാതെ മോദിക്കും അമിത്ഷാക്കും മറ്റു മാർഗങ്ങളില്ല’-എഡിറ്റോറിയൽ വ്യക്തമാക്കി. മോദി - ഷായുടെ അഹങ്കാരത്തെ രാഹുൽ ഗാന്ധി തകർത്തുവെന്നും അദ്ദേഹത്തെ തടയാൻ ബുദ്ധിമുട്ടാണെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടി.