'ശിവസേനയെന്ന പേരിട്ടത് എന്റെ മുത്തശ്ശൻ, ആ പേര് മറ്റാർക്കും നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമില്ല'; ഉദ്ധവ് താക്കറെ
|''ചിഹ്നം തീരുമാനിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ട്. എന്നാൽ പാർട്ടിയുടെ പേര് അവരല്ല നോക്കേണ്ടത്''
മുംബൈ: ശിവസേനയെന്ന പേരിട്ടത് തന്റെ മുത്തശ്ശൻ കേശവ് താക്കറെയാണെന്നും ആ പേര് മറ്റാർക്കും നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമില്ലെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തെരഞ്ഞെടുപ്പ് ചിഹ്നം തീരുമാനിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ട്. എന്നാൽ പാർട്ടിയുടെ പേര് അവരല്ല നോക്കേണ്ടെന്നും ഉദ്ധവ് താക്കറെ വിദർഭയിൽ പറഞ്ഞു.
'ഒരിക്കലും മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടില്ല.എന്നാൽ ഭാവിയില്‍ എനിക്ക് ശിവസേനയിൽ നിന്ന് ഒരു മുഖ്യമന്ത്രി വേണം. ശിവസേനയിൽ നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പിതാവ് ബാലാസാഹേബ് താക്കറെക്ക് ഞാന്‍ വാഗ്ദാനം നല്‍കിയിരുന്നു.' പാർട്ടികൾ പിളരുന്നത് പുതിയ കാര്യമല്ല. എന്നാൽ ഇവിടെ പാർട്ടി മോഷ്ടിക്കപ്പെടുകയാണെന്നും താക്കറെ പറഞ്ഞു.
അതേസമയം, ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും നൽകാനുള്ള തീരുമാനത്തിനെതിരായ ഉദ്ധവ് വിഭാഗത്തിന്റെ ഹരജി ജൂലൈ 31 നാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. കേസ് എത്രയും വേഗം പരിഗണനക്കെടുക്കണമെന്ന് ഉദ്ധവ് വിഭാഗത്തിന്റെ അഭിഭാഷകൻ അമിത് ആനന്ദ് തിാരിയുടെ അഭ്യർഥനയെ തുടർന്നാണ് കേസ് ജൂലൈ 31 ന് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ശിവസേനയെന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന് നൽകിയിരുന്നു.