'കാബിനറ്റ് പദവി വേണം'; അതൃപ്തി പരസ്യമാക്കി ഷിൻഡെ സേനയും
|ബി.ജെ.പി വാഗ്ദാനം ചെയ്ത സഹമന്ത്രി സ്ഥാനം നേരത്തെ അജിത് പവാർ എൻ.സി.പി നിരസിച്ചിരുന്നു
മുംബൈ: മൂന്നാം മോദി മന്ത്രിസഭയിൽ അസ്വാരസ്യവുമായി അജിത് പവാറിനു പിന്നാലെ ഏക്നാഥ് ഷിൻഡെയുടെ പാർട്ടിയും. സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിൽ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് ശിവസേന ഷിൻഡെ പക്ഷം. നേരത്തെ അജിത് പവാർ എൻ.സി.പിയും ഇതേ പരാതി ഉന്നയിച്ചിരുന്നു. കാബിനറ്റ് പദവി നൽകാത്തതിലാണ് ഇരു കക്ഷികളുടെയും പരാതി.
കാബിനറ്റ് പദവിയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നാണ് ഷിൻഡെ പക്ഷം പാർട്ടി ചീഫ് വിപ്പ് ശ്രീരങ് ബാൺ പ്രതികരിച്ചത്. ചിരാഗ് പാസ്വാന് അഞ്ച് എം.പിമാരാണുള്ളത്. ജിതൻ റാം മാഞ്ചിക്ക് ഒന്നും ജെ.ഡി.എസിനു രണ്ടും എം.പിമാരാണുള്ളത്. എന്നിട്ടും അവർക്കെല്ലാം കാബിനറ്റ് പദവി ലഭിച്ചു. ഏഴ് ലോക്സഭാ സീറ്റ് ലഭിച്ചിട്ടും ശിവസേനയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ഒറ്റ സഹമന്ത്രി സ്ഥാനമാണു ലഭിച്ചതെന്നും ശ്രീരങ് കുറ്റപ്പെടുത്തി.
നേരത്തെ ഷിന്‍ഡെ വിഭാഗത്തിലെ മൂന്ന് എം.പിമാര്‍ ഉദ്ദവ് വിഭാഗവുമായി സംസാരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ കൂടുമാറ്റത്തിനൊരുങ്ങുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ തള്ളിയ ഷിന്‍ഡെ പക്ഷം ഉദ്ദവ് വിഭാഗത്തിലെ എം.എല്‍.എമാര്‍ തങ്ങളെ സമീപിച്ചതായി തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണു മോദി മന്ത്രിസഭയിലെ പരിഗണനയെ ചൊല്ലി പരാതിയുമായി ഷിന്‍ഡെ സേന നേതാവ് തന്നെ രംഗത്തെത്തിയത്.
ബി.ജെ.പി വാഗ്ദാനം ചെയ്ത സഹമന്ത്രി സ്ഥാനം നേരത്തെ അജിത് പവാർ എൻ.സി.പി നിരസിച്ചിരുന്നു. കാബിനറ്റ് പദവി തന്നെ വേണമെന്ന ആവശ്യത്തിലുറച്ചിരിക്കുകയാണ് പാർട്ടി. അജിത് പവാർ തന്നെ നേരിട്ടാണു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രഫുൽ പട്ടേലിനെ പോലെയൊരു നേതാവിന് സഹമന്ത്രി സ്ഥാനം നൽകുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
പ്രഫുൽ പട്ടേൽ മുൻപ് കേന്ദ്രത്തിൽ കാബിനറ്റ് പദവി വഹിച്ചയാളാണെന്നാണ് അജിത് പവാർ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെ ഇനി സ്വതന്ത്ര ചുമതലയുള്ളൊരു സഹമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതു ശരിയല്ല. കുറച്ചുദിവസം കൂടി കാത്തിരിക്കാൻ തയാറാണെന്ന് ബി.ജെ.പിയെ അറിയിച്ചിട്ടുണ്ട്. ഞങ്ങൾക്ക് കാബിനറ്റ് പദവി തന്നെ വേണം. അവർ അക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അജിത് പവാർ പറഞ്ഞു.
രാജ്നാഥ് സിങ്, അമിത് ഷാ, ജെ.പി നദ്ദ എന്നിവരുമായെല്ലാം കൂടിക്കാഴ്ച നടത്തിയ വിവരവും അദ്ദേഹം വെളിപ്പെടുത്തി. മഹാരാഷ്ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇതിൽ ചർച്ചയായിരുന്നു. ഇപ്പോൾ ലോക്സഭയിലും രാജ്യസഭയിലും ഓരോ എം.പിമാരാണ് ഞങ്ങൾക്കുള്ളത്. രണ്ടു മാസത്തിനുള്ളിൽ രാരജ്യസഭാ എം.പിമാർ മൂന്നാകും. അതോടെ നാല് പാർലമെന്റ് അംഗങ്ങളാകും ഞങ്ങൾക്ക്. അതുകൊണ്ട് ഒരു കാബിനറ്റ് പദവി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അജിത് പവാർ പറഞ്ഞു.
ഇക്കാര്യമെല്ലാം അംഗീകരിച്ച ശേഷമാണ് ഇപ്പോൾ സഹമന്ത്രിസ്ഥാനം നൽകിയിരിക്കുന്നതെന്നാണ് എൻ.സി.പി നേതാവ് പരാതി പറയുന്നത്. ഞങ്ങളുടെ ആവശ്യം ന്യായമാണെന്നു അവർ പറഞ്ഞിരുന്നതാണ്. എന്നാൽ, അതിനുശേഷമാണ് ശിവസേന ഷിൻഡെ വിഭാഗത്തിന് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണു നൽകുന്നതെന്നും ഇതുതന്നെയായിരിക്കും ഞങ്ങൾക്കും തരികയെന്നും വിവരം ലഭിച്ചത്. എന്നാൽ, ഈ പദവി സ്വീകരിക്കുന്നത് പ്രഫുൽ പട്ടേലിനെ തരംതാഴ്ത്തലാകുമെന്നും അജിത് പവാർ ചൂണ്ടിക്കാട്ടി.
ഇതേ കാര്യം പ്രഫുൽ പട്ടേലും ആവർത്തിച്ചു. കഴിഞ്ഞ ദിവസമാണ് സഹമന്ത്രി സ്ഥാനമാണു ലഭിക്കുന്നതെന്ന വിവരം ലഭിച്ചത്. നേരത്തെ കേന്ദ്ര സർക്കാരിൽ കാബിനറ്റ് പദവിയാലിയിരുന്നു ഞാൻ. അതുകൊണ്ട് ഈ സ്ഥാനം തരംതാഴ്ത്തലാണെന്നും പട്ടേൽ കുറ്റപ്പെടുത്തി. കുറച്ചു ദിവസം കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവർ പരിഹാരമുണ്ടാക്കുമെന്നാണു പറഞ്ഞിട്ടുള്ളതെന്നും പ്രഫുൽ പട്ടേൽ വെളിപ്പെടുത്തി.
ഇത്തവണ എൻ.ഡി.എ ഏറ്റവും തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. 23ൽനിന്ന് ഒൻപത് സീറ്റിലേക്കു ചുരുങ്ങിയിരുന്നു ബി.ജെ.പി. ശിവസേന ഷിൻഡെ വിഭാഗത്തിന് ഏഴും അജിത് പവാർ എൻ.സി.പിക്ക് ഒരു സീറ്റുമാണു ലഭിച്ചത്.
Summary: After NCP, Shiv Sena Shinde faction upset over Minister of State posts: 'Expected Cabinet role'