ബിജെപിയുടെ വോട്ട്ബാങ്ക് പിളർത്തുമോ ശിവസേന? യുപി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപനം
|യുപിയിൽ 100 വരെ സീറ്റുകളിലും ഗോവയിൽ 20 ഇടത്തും മത്സരിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു
ഉത്തർപ്രദേശിൽ ബിജെപിക്ക് കൂടുതൽ തിരിച്ചടിയാകാൻ പോകുന്ന നീക്കവുമായി ശിവസേന. ഭരണരംഗത്തെ പരാജയത്തിനു പുറമെ ബിജെപിയുടെ ഹിന്ദു വോട്ട്ബാങ്ക് കൂടി പിളർത്തുന്ന നീക്കവുമായി ശിവസേന എത്തുമെന്നാണ് പുതിയ വിവരം. അടുത്ത വർഷം നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് വ്യക്തമാക്കിക്കഴിഞ്ഞു.
80 മുതൽ 100 വരെ മണ്ഡലങ്ങളിൽ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞത്. സംസ്ഥാനത്തെ കർഷക സംഘടനകൾ തങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ യുപിയിലെ കർഷക സംഘടനകൾ തങ്ങളെ പിന്തുണയ്ക്കാനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. ചെറുകക്ഷികളുമായി പാർട്ടി കൂട്ടുകൂടുകയും ചെയ്യും- രാജ്യസഭാ അംഗമായ സഞ്ജയ് റാവത്ത് പറഞ്ഞു.
ഗോവ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ആകെ 40 സീറ്റുള്ള സംസ്ഥാനത്ത് 20 ഇടത്ത് മത്സരിക്കാനാണ് ശിവസേനാ നീക്കം. രണ്ടു സംസ്ഥാനങ്ങളിലും നേരത്തെ തന്നെ കേഡർ പ്രവർത്തകരുള്ള പാർട്ടിയാണ് ശിവസേനയെന്ന് റാവത്ത് പറയുന്നു.
ബിജെപിയുമായുള്ള ദീർഘകാലത്തെ സൗഹൃദം അവസാനിപ്പിച്ച് മഹാരാഷ്ട്രയിൽ എൻസിപിയുമായും കോൺഗ്രസുമായും സഖ്യംചേർന്ന ശിവസേന ബിജെപിക്ക് വലിയ ക്ഷീണമാണുണ്ടാക്കിയത്. മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കിയതിനു പുറമെ പാർട്ടിയുടെ അടിത്തറ തകർക്കാനും സേനയ്ക്കായിട്ടുണ്ട്. മഹാരാഷ്ട്രയിലേതിനു സമാനമായ പാർട്ടി അടിത്തറയില്ലെങ്കിലും യുപിയിലും ഗോവയിലും ചെറിയ നിലയിലെങ്കിലും ബിജെപി വോട്ട്ബാങ്കിൽ ഇളക്കമുണ്ടാക്കാൻ സേനയ്ക്കായേക്കും.