India
India
ഭക്ഷണം മോശമെന്ന്; കേറ്ററിങ് മാനേജറെ മർദിച്ച് ശിവസേന എംഎൽഎ
|16 Aug 2022 11:07 AM GMT
തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ വച്ചിരുന്ന ഉച്ചഭക്ഷണത്തിൽ ഈച്ചകളെ കണ്ടതായി എംഎൽഎ പറഞ്ഞു.
മുംബൈ: കെട്ടിട നിർമാണ തൊഴിലാളികൾക്ക് മോശം ഭക്ഷണം വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് കേറ്ററിങ് കമ്പനി മാനേജറെ മർദിച്ച് ശിവസേന എംഎൽഎ. ഏക്നാഥ് ഷിൻഡെ പക്ഷത്തെ എംഎൽഎയായ സന്തോഷ് ബൻഗാർ ആണ് മാനേജറെ മർദിച്ചത്.
മഹാരാഷ്ട്രയിലെ ഹിൻഗോലി ജില്ലയിലെ കെട്ടിട നിർമാണ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് നിലവാരം പോരെന്ന് പരാതി കിട്ടിയതിനെ തുടർന്നാണ് താൻ സ്ഥലം സന്ദർശിച്ചതെന്ന് കലംനുരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ബൻഗാർ പറഞ്ഞു.
ഇവിടെയെത്തി പരിശോധിച്ചപ്പോൾ തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ വച്ചിരുന്ന ഉച്ചഭക്ഷണത്തിൽ ഈച്ചകളെ കണ്ടതായും എംഎൽഎ പറഞ്ഞു.
മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് ബൻഗാർ ഷിൻഡെയ്ക്കൊപ്പം ചേർന്നത്. ഇതോടെ താക്കറെ പക്ഷം ഇദ്ദേഹത്തെ ഹിൻഗോലി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.