'ചിലർ വോട്ട് കൊടുക്കും, ചിലർ അടി വച്ചുകൊടുക്കും'; കങ്കണ അടി വിവാദത്തിൽ സഞ്ജയ് റാവത്ത്
|'കർഷക സമരത്തിൽ പങ്കെടുത്തവരെല്ലാം ഭാരതമക്കളാക്കളാണ്. ഭാരത മാതാവിനെ ആരെങ്കിലും അപമാനിക്കുകയും അതിൽ ആർക്കെങ്കിലും വികാരം വ്രണപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അതേക്കുറിച്ചാണ് ചർച്ച വേണ്ടത്.''
മുംബൈ: ബോളിവുഡ് താരവും നിയുക്ത ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിനെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ അടിച്ച സംഭവത്തിൽ പ്രതികരിച്ച് ഉദ്ദവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കർഷക സമരത്തിന്റെ സമയത്ത് കങ്കണ നടത്തിയ പരാമർശങ്ങളാണു പ്രകോപനമായതെന്ന് അദ്ദേഹം പറഞ്ഞു. ചിലർ വോട്ട് കൊടുക്കും. ചിലർ അടി വച്ചുകൊടുക്കുമെന്നും റാവത്ത് പരിഹസിച്ചു.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയുടെ മാതാവ് കർഷക സമരത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ കങ്കണ ഇത്തരമൊരു പരാമർശം നടത്തുമ്പോൾ രോഷമുണ്ടാകുന്നതു സ്വാഭാവികമാണെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി. 'ചിലർ വോട്ട് കൊടുക്കും. ചിലർ അടി വച്ചുകൊടുക്കും. സത്യത്തിൽ എന്താണു സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. അവരുടെ അമ്മയും അവിടെ(സമരത്തിൽ) ഇരുന്നിട്ടുണ്ടെന്ന് കോൺസ്റ്റബിൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതു ശരി തന്നെയാകും. അവരുടെ അമ്മ കർഷക സമരത്തിൽ പങ്കെടുക്കുകയും ആരെങ്കിലും അതിനെതിരെ എന്തെങ്കിലും പറയുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് രോഷത്തിനിടയാക്കുന്നത് സ്വാഭാവികമാണ്'-റാവത്ത് പറഞ്ഞു.
നിയമവാഴ്ചയെ മാനിക്കണമെന്നാണു മോദി പറയുന്നതെങ്കിൽ അതിനെ ആരും കൈയിലെടുക്കാനും പാടില്ല. കർഷക സമരത്തിൽ പങ്കെടുത്തവരെല്ലാം ഭാരതമക്കളാണ്. ഭാരത മാതാവിനെ ആരെങ്കിലും അപമാനിക്കുകയും അതിൽ ആർക്കെങ്കിലും വികാരം വ്രണപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അതേക്കുറിച്ച് ചർച്ച വേണമെന്നും റാവത്ത് ചൂണ്ടിക്കാട്ടി. എന്നാൽ, കങ്കണയോട് തനിക്കു സഹതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരൊരു എം.പിയാണിന്ന്. എം.പിക്കെതിരെ ഇത്തരത്തിൽ ആക്രമണമുണ്ടാകരുത്. എന്നാൽ, കർഷകരും ആദരിക്കപ്പെടേണ്ടവരാണെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
പഞ്ചാബിലെ ചണ്ഡിഗഢ് വിമാനത്താവളത്തിലായിരുന്നു ഇന്നലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കങ്കണയുടെ മുഖത്തടിച്ചത്. സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കങ്കണ ഖലിസ്ഥാനി തീവ്രവാദികളെന്ന് ആക്ഷേപിച്ചതാണു പ്രകോപനത്തിനിടയാക്കിയതെന്നാണു വിവരം.
Summary: 'Some give votes and some slaps', says Shivsena UBT leader Sanjay Raut in Kangana Ranaut slap row