കേരളത്തിനും തമിഴ്‌നാടിനും ഏതിരെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ
|കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും അവര്‍ ആരോപിച്ചു
ഉഡുപ്പി: കേരളത്തിനും തമിഴ്‌നാടിനും ഏതിരെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ. ബെംഗളൂരുവിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവരാണെന്നായിരുന്നു ബിജെപി നേതാവിന്റെ ആക്ഷേപങ്ങള്‍. ജനത്തെ വിഭജിക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നതെന്നും ഇത്തരം നീക്കം അപലപനീയമാണെന്നും എംകെ സ്റ്റാലിൻ പ്രതികരിച്ചു.
അടുത്തിടെ, കര്‍ണാടകയില്‍ നടന്ന രണ്ട് സംഭവങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ശോഭ കരന്തലജെയുടെ ആക്ഷേപം. രാമേശ്വരം കഫെ സ്‌ഫോടനം പരാമര്‍ശിച്ച കേന്ദ്ര മന്ത്രി ഇതിന് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് എന്നാണ് ആരോപിച്ചത്.
കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും അവര്‍ ആരോപിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ കടബ സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം വര്‍ഷ പിയു വിദ്യാര്‍ഥിനികള്‍ക്കുനേരെ അടുത്തിടെ ഉണ്ടായ ആക്രമണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരാമര്‍ശം.
രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സയിദ് നസീര്‍ ഹുസൈന്റെ അനുയായികള്‍ കര്‍ണാടക നിയമസഭയുടെ ഇടനാഴിയില്‍ പാക് മുദ്രാവാക്യം വിളിച്ചെന്ന ആരോപണം കേന്ദ്ര മന്ത്രി വീണ്ടും ഉയര്‍ത്തി.
അതേസമയം, കേന്ദ്ര മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തി. ജനത്തെ വിഭജിക്കാനുള്ള നീക്കമാണ് ബി ജെ പി സ്ഥാനാര്‍ഥി നടത്തുന്നതെന്നും, ഇത്തരം നീക്കം അപലപനീയമാണെന്നും ഇത്തരം നടപടികളെ തമിഴ് -കന്നഡ ജനത തള്ളിക്കളയുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പ്രതികരിച്ചു. നിലവില്‍ ഉഡുപ്പി ചിക്ക മഗളൂരുവില്‍ നിന്നുള്ള എംപിയായ കരന്തലജെ ഇത്തവണ ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ്.