ഇറാനിലെ ഭീകരാക്രമണങ്ങളിൽ ഞെട്ടലും ദു:ഖവും പ്രകടിപ്പിച്ച് ഇന്ത്യ
|ഭീകരാക്രമണത്തിൽ ‘നിയമപരവും അന്തർദേശീയവുമായ നടപടികൾ’ സ്വീകരിക്കുമെന്ന് ഇറാൻ
ന്യൂഡൽഹി: ഇറാനിലുണ്ടായ ഇരട്ട ഭീകരാക്രമണത്തിൽ ഞെട്ടലും ദു:ഖവും പ്രകടിപ്പിച്ച് ഇന്ത്യ. ഇറാനോട് ഐക്യപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
റെവല്യൂഷനറി ഗാർഡ് മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷികത്തിനായി ജനങ്ങൾ ഒത്തുകൂടുന്നതിനിടയിലാണ് ഇരട്ട സ്ഫോടനമുണ്ടാകുന്നത്. ആക്രമണത്തിൽ 84 പേർ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി അറിയിച്ചു. 200 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കെർമാനിലെ ഭീകരാക്രമണത്തിൽ ‘നിയമപരവും അന്തർദേശീയവുമായ നടപടികൾ’ സ്വീകരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുള്ള അഹിയാൻ പറഞ്ഞു.ആക്രമണത്തിന് പിന്നിൽ ഇസ്രായേലും അമേരിക്കയുമാണെന്ന് കുറ്റപ്പെടുത്തിയ ഇറാൻ പ്രതികാരം ഉറപ്പാണെന്നും മുന്നറിയിപ്പ് നൽകി. സ്ഫോടനത്തിൽ പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പൂർണ ശ്രദ്ധ ഗസ്സ യുദ്ധത്തിലാണെന്നും പ്രതികരിക്കാനില്ലെന്നും ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു.
ഭീകരാക്രമണം ആസൂത്രണം ചെയ്ത ആരെയും വെറുതെ വിടില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി പറഞ്ഞു. പിന്നിൽ സയണിസ്റ്റ് ഏജന്റുമാരും അവരുടെ സഹായികളുമാണെന്ന് ഇറാൻ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും കരങ്ങൾ വ്യക്തമാണെന്ന് ഇറാനിയൻ റവലൂഷനറി ഗാർഡിലെ ഖുദ്സ് ഫോഴ്സ് കമാണ്ടർ. ഇറാനിലെ ഭീകരാക്രമണത്തിന് ഇസ്രായേലിലെ തെൽ അവീവിലും ഹൈഫയിലും മറുപടി നൽകണമെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയം മുൻവക്താവ് ഡോ. കിയാനുഷ് ജഹാൻപുർ പറഞ്ഞു. ഇറാൻ സ്ഫോടനത്തിനു പിന്നിൽ ആരാണെന്നതു സംബന്ധിച്ച് ഒന്നും അറിയില്ലെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് വക്താവ് ജോൺ കെർബി വ്യക്തമാക്കി. പിന്നിൽ ഇസ്രായേൽ ആണെന്ന് കരുതുന്നില്ല. അമേരിക്കക്കെതിരെയുള്ള ഇറാന്റെ ആരോപണം വസ്തുതക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഇറാൻ സ്ഫോടനത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു. ഗസ്സ യുദ്ധത്തിലാണ് ഇപ്പോൾ പൂർണ ശ്രദ്ധയെന്നും വക്താവ് ചൂണ്ടിക്കാട്ടി. ഇറാൻ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് വൈകാതെ മാരക തിരിച്ചടി ഉണ്ടാകുമെന്ന് തെഹ്റാനു പുറമെ ഹിസ്ബുല്ലയും ഹൂത്തികളും താക്കീത് ചെയ്തു.
റെവല്യൂഷനറി ഗാർഡ് മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷികത്തിനിടെയാണ് ഇന്നലെ ഇറാനെ ഞെട്ടിച്ച സ്ഫോടനം. കെർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്ഫോടനങ്ങളുണ്ടായത്. രക്തസാക്ഷി വാർഷികവുമായിബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങൾതടിച്ചുകൂടിയ ഘട്ടത്തിലാണ് ഭീകരർ റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്.സ്മാരകത്തിൽ നിന്ന് 700 മീറ്റർ ദൂരയൊയിരുന്നു ആദ്യ സ്ഫോടനം. 13 മിനിറ്റിനു പിന്നാലെ രണ്ടാമത്തെ സ്ഫോടനം. സ്ഫോടത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ പലരുടെയും നില ഗുരുതരമാണ്.