'തൊട്ടടുത്തുള്ള ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ പ്രാർഥന നടക്കട്ടെ, വിരോധമില്ല. ചാർമിനാർ പള്ളി തുറക്കണം'; ആവശ്യമുയർത്തി കോൺഗ്രസ് നേതാവ്
|1951ൽ സ്മാരകത്തിന്റെ ചുമതല ഏറ്റെടുത്തപ്പോൾ അവിടെ നമസ്‌ക്കാരം നിർവഹിക്കപ്പെട്ടിരുന്നില്ലെന്നും പിന്നീട് വിനോദ സഞ്ചാരികളുടെ സൗകര്യാർഥം മസ്ജിദ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാതിരിക്കുകയുമായിരുന്നുവെന്നാണ് എ.എസ്.ഐ പറയുന്നത്
16ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഹൈദരാബാദ് ചാർമിനാറിനകത്തെ മസ്ജിദിൽ നമസ്‌കരിക്കാൻ അനുവദിക്കണമെന്ന ആവശ്യമുയർത്തി ഒപ്പ് ശേഖരണവുമായി കോൺഗ്രസ് നേതാവ് റാഷിദ് ഖാൻ. മക്കാ മസ്ജിദ് പുറത്തായാണ് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കൂടിയായ ഇദ്ദേഹം മേയ് 31 വരെ ഒപ്പ് ശേഖരണം നടത്തിയത്. ആർക്കിയേളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ)ക്കും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനും ടൂറിസം, കൾച്ചറൽ ചുമതല വഹിക്കുന്ന കേന്ദ്ര മന്ത്രിക്കും അപേക്ഷ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
'എവിടെയെങ്കിലും പള്ളിയുണ്ടെങ്കിൽ അവിടെ നമസ്‌കരിക്കുകയെന്നത് ഞങ്ങളുടെ അവകാശമാണ്. എന്തിനാണ് അത് അടച്ചിരിക്കുന്നത്. ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ പ്രാർഥന നടത്താമെങ്കിൽ ഞങ്ങൾക്ക് എന്ത് കൊണ്ട് നമസ്‌കരിക്കാൻ പറ്റില്ല. ക്ഷേത്രത്തിൽ പ്രാർഥന നടക്കട്ടെ. അതിൽ ഒരു വിരോധവുമില്ല. എന്നാൽ പള്ളി തുറക്കണം' റാഷിദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
1591ൽ നിർമിക്കപ്പെട്ട ചാർമിനാറിന്റെ ഏറ്റവും മുകളിലെ നിലയിലാണ് മസ്ജിദുള്ളത്. ഈ പള്ളി തങ്ങൾ കൃത്യമായി പരിപാലിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് എ.എസ്.ഐ അവകാശപ്പെടുന്നത്. 1951ൽ സ്മാരകത്തിന്റെ ചുമതല ഏറ്റെടുത്തപ്പോൾ അവിടെ നമസ്‌ക്കാരം നിർവഹിക്കപ്പെട്ടിരുന്നില്ലെന്നും പിന്നീട് വിനോദ സഞ്ചാരികളുടെ സൗകര്യാർഥം മസ്ജിദ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാതിരിക്കുകയുമായിരുന്നുവെന്നാണ് എ.എസ്.ഐ പറയുന്നത്.
എന്നാൽ റാഷിദ് ഖാന്റെ കാമ്പയിനെതിരെ സ്വന്തം പാർട്ടിയായ കോൺഗ്രസടക്കം രംഗത്ത് വന്നു. ചാർമിനാറിന് സമീപത്തുള്ള ഭാഗ്യലക്ഷ്മി ക്ഷേത്രം നീക്കാനുള്ള ഇടപെടലാണിതെന്ന് ബിജെപി ആരോപിച്ചു. 'ക്ഷേത്രത്തിന് അടുത്ത് നിന്ന് ചാർമിനാർ നീക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നുണ്ടോ. ഇപ്പോൾ ഉയരുന്ന പള്ളി തുറക്കണമെന്ന ആവശ്യം ക്ഷേത്രത്തിന് പ്രശ്‌നമുണ്ടാക്കാനും അത് അവിടെ നിന്ന് നീക്കാനുമാണ്. ക്ഷേത്രത്തിൽ വർഷങ്ങളായി ആരാധന നടക്കുന്നുണ്ട്. ചാർമിനാറിൽ നമസ്‌കരിക്കണമെന്ന് പെട്ടെന്ന് എങ്ങനെ ഓർമ വന്നു' ബിജെപിയുടെ തെലങ്കാന മേധാവി ബണ്ഡി സഞ്ജയ് കുമാർ ചോദിച്ചു.
ലക്ഷ്മി ദേവിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഭാഗ്യലക്ഷ്മി ക്ഷേത്രം. ടിൻ കൊണ്ടുള്ള മേൽക്കൂരയുമായി മുളയും ടാർപോളിനും ഉപയോഗിച്ച് നിർമിച്ച ക്ഷേത്രം ചാർമിനാറിന്റെ തെക്ക് കിഴക്കേ മിനാരത്തോട് ചേർന്നാണുള്ളത്. എപ്പോഴാണ് ക്ഷേത്രം ഇവിടെ വന്നതെന്നതിന് കൃത്യമായ വിവരമില്ല. 1960കൾ മുതൽ അവിടെ ക്ഷേത്രമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ചാർമിനാറിന് മുമ്പേയുള്ള ക്ഷേത്രമാണിതെന്നാണ് ബിജെപി വാദം.
കുറച്ചു കാലമായി ഈ ക്ഷേത്രം സന്ദർശിച്ച ശേഷമാണ് ബിജെപി നേതാക്കൾ പല കാര്യങ്ങളും ചെയ്യാറുള്ളത്. കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇവിടെ സന്ദർശിച്ചിരുന്നു. 2020 ലെ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു സന്ദർശനം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടെ സന്ദർശിക്കവേ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ബിജെപി രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാണ് ഈ ക്ഷേത്രം. ഈ സാഹചര്യത്തിൽ റാഷിദ് ഖാന്റെ ഇടപെടൽ സംഘർഷം സൃഷ്ടിക്കാനോ ഉപകരിക്കൂവെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.
അതേസമയം, ലോക പൈതൃക സ്മാരകമായ കുത്തുബ് മിനാറിൽ ഖനനം നടത്തണമെന്ന ഹരജിയിൽ ജൂൺ ഒമ്പതിന് ഡൽഹി സാകേത് കോടതി വിധിപറയും. മേഖലയിലെ ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്ന ഹരജി തള്ളിയതിനെതിരായ അപ്പീലാണ് കോടതി പരിഗണിച്ചത്. കുത്തബ് മിനാറിൽ ഒരുതരത്തിലുമുള്ള ആരാധനയും അനുവദിക്കാനാവില്ലെന്ന് പുരാവസ്തു വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.1914 മുതൽ കുത്തബ് മിനാർ സംരക്ഷിത സ്മാരകമാണെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് ഡൽഹി സാകേത് കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സംരക്ഷിത സ്മാരകത്തിന്റെ ഘടന മാറ്റാനോ കൂട്ടി ചേർക്കാനോ പാടില്ലെന്ന് നിയമത്തിൽ സൂചിപ്പിക്കുന്നു. അതിനാൽ തന്നെ സ്മാരകത്തിന്റെ ഘടനയിലോ രൂപത്തിലോ ഒരു തരത്തിലുമുള്ള മാറ്റങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡൽഹി സാകേത് കോടതിയെ അറിയിച്ചു. മേഖലയിൽ ഖനനം നടത്തണമെന്നും, ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്നുമുള്ള ആവശ്യം അംഗീകരിക്കാനാകില്ല. തൽസ്ഥിതി നിലനിർത്തണം. സംരക്ഷിത പദവി നൽകിയ സമയത്ത് ഇല്ലാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്. സ്മാരകത്തിൽ ആരാധന അനുവദിക്കാൻ കഴിയില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കി.
27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തും, രൂപമാറ്റം വരുത്തിയും കുത്തബ് മിനാർ മേഖലയിലെ ഖുവത്ത്-ഉൽ-ഇസ്ലാം മസ്ജിദ് നിർമിച്ചുവെന്നും ഹരജിക്കാർ കോടതിയിൽ ആരോപിച്ചു. കുത്തബ് മിനാർ വിഷ്ണു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു. മേഖലയിലെ ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്ന ഹർജി നേരത്തെ സിവിൽ കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് പരാതിക്കാരനായ വിഷ്ണു ശങ്കർ ജയിൻ ഡൽഹി സാകേത് കോടതിയിൽ അപ്പീൽ നൽകിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലം പരിഗണിച്ച കോടതി, ഈ ചരിത്ര സ്മാരകം ക്ഷേത്രമാക്കി മാറ്റണം എന്നാണോ നിങ്ങളുടെ ആവശ്യമെന്ന് ഹർജിക്കാരനോട് ചോദിച്ചു. വാദങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ജൂൺ ഒൻപതിന് ഹർജിയിൽ കോടതി വിധി പറയും.
Should be allowed to pray in the mosque of Charminar: Congress leader Rashid Khan