കോൺഗ്രസ് എന്ന പേരിന് പേറ്റന്റ് എടുക്കേണ്ടതായിരുന്നു, തെറ്റുപറ്റി: ജയറാം രമേശ്
|ഭാരത് ജോഡോ യാത്രക്ക് പ്രതിപക്ഷ ഐക്യവുമായി യാതൊരു ബന്ധവുമില്ലെന്നും ജയറാം രമേശ് പറഞ്ഞു.
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയില്ലാതെ ശക്തമായ പ്രതിപക്ഷം രൂപീകരിക്കാൻ സാധ്യമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ജയറാം രമേശ്. വിവിധ പാർട്ടികൾ കോൺഗ്രസിൽനിന്ന് പലതും നേടിയിട്ടുണ്ട്. എന്നാൽ തങ്ങൾക്ക് ഒന്നും തിരികെ തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിന്റെ സ്ഥാനം പിടിച്ചെടുക്കുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജയറാം രമേശ്.
''കോൺഗ്രസ് എന്ന വാക്കിന് പേറ്റന്റ് എടുക്കണമെന്ന് ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു. ഞങ്ങൾക്ക് തെറ്റ് പറ്റി. ഇന്ന് നമ്മുടെ രാജ്യത്ത് കോൺഗ്രസിന്റെ പേരിലുള്ള നിരവധി പാർട്ടികൾ നിലനിൽക്കുന്നുണ്ട്. വൈ.എസ്.ആർ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് തുടങ്ങിയ പേരുകൾ ഇതിന് ഉദാഹരണമാണ്. മൂന്ന് പാർട്ടികളുടെയും സ്ഥാപകർ മുമ്പ് കോൺഗ്രസ് പാർട്ടിയുടെ ഭാഗമായിരുന്നു''-ജയറാം രമേശ് പറഞ്ഞു.
ശക്തമായ കോൺഗ്രസിനെ കൂടാതെ ശക്തമായ പ്രതിപക്ഷം സാധ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരത് ജോഡോ യാത്രക്ക് പ്രതിപക്ഷ ഐക്യവുമായി യാതൊരു ബന്ധവുമില്ലെന്നും ജയറാം രമേശ് പറഞ്ഞു.