'ഭാരത് ജോഡോ യാത്രക്കും സമാപന സമ്മേളനത്തിനും സുരക്ഷയൊരുക്കണം'; അമിത് ഷായ്ക്ക് കത്തയച്ച് ഖാർഗെ
|ഭാരത് ജോഡോ യാത്രയ്ക്കിടെ ഉണ്ടായ നിർഭാഗ്യകരമായ സുരക്ഷാ വീഴ്ചയ്ക്ക് ശേഷമാണ് കത്തെഴുതുന്നതെന്ന് ഖാർഗെ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കും സമാപന സമ്മേളനത്തിനും സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സുരക്ഷാ പ്രശ്നത്തെ തുടർന്ന് യാത്ര താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. വലിയ സുരക്ഷാപാളിച്ചയാണിതെന്ന് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് അമിത് ഷായ്ക്ക് ഖാർഗെയുടെ തുറന്ന കത്ത്.
കഴിഞ്ഞ ദിവസമുണ്ടായതിന് സമാനമായ സുരക്ഷ വീഴ്ച ഉണ്ടാകാൻ പാടില്ലെന്നും സമാപന സമ്മേളനത്തിൽ വിവിധ പാർട്ടികളുടെ പ്രധാന നേതാക്കളും വലിയ ജനക്കൂട്ടവും ഉണ്ടാകുമെന്നും കത്തിൽ ഖാർഗെ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയ്ക്ക് മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. സമാപന സമ്മേളനം പ്രൗഢഗംഭീരമായി നടത്താൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനം. നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കളും മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും സമാപന സമ്മേളന ചടങ്ങിൽ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയ്ക്കിടെ ഉണ്ടായ നിർഭാഗ്യകരമായ സുരക്ഷാ വീഴ്ചയ്ക്ക് ശേഷമാണ് കത്തെഴുതുന്നതെന്ന് ഖാർഗെ പറഞ്ഞു.
ഞങ്ങൾ ജമ്മു കശ്മീർ പോലീസിനെ അഭിനന്ദിക്കുന്നു, യാത്രയുടെ അവസാനം വരെ പൂർണ സുരക്ഷ ഉറപ്പാക്കുന്നത് തുടരുമെന്ന അവരുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും ഖാർഗെ കൂട്ടിച്ചേർത്തു. വലിയ ജനക്കൂട്ടം എല്ലാ ദിവസവും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുകയും നടക്കുകയും ചെയ്യുന്നു, എത്ര പേരുണ്ടെന്ന് കൃത്യമായി പറയാൻ സംഘാടകർക്ക് ബുദ്ധിമുട്ടാണെന്നും ഖാർഗെ പറഞ്ഞു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി 30 ന് ശ്രീനഗറിൽ സമാപിക്കും. 3500 കിലോമീറ്റർ കാൽനട ജാഥ രാജ്യത്തുടനീളമുള്ള കോൺഗ്രസ് പ്രവർത്തകരെ ഉത്തേജിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വർധിച്ചുവരുന്ന വിദ്വേഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ ഒന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.