India
എതിർക്കുന്നവർ ജിന്നയുടെ മനസ്സുള്ളവർ, രാമ നവമി റാലികൾ പിന്നെ പാകിസ്താനിൽ നടത്തണോ?; സംഘർഷങ്ങളിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
India

'എതിർക്കുന്നവർ ജിന്നയുടെ മനസ്സുള്ളവർ, രാമ നവമി റാലികൾ പിന്നെ പാകിസ്താനിൽ നടത്തണോ?'; സംഘർഷങ്ങളിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

Web Desk
|
19 April 2022 12:17 PM GMT

ഇപ്പോൾ തങ്ങളുടെ ക്ഷമ നഷ്ടപ്പെട്ടിരിക്കുകയാണെന്നും സഹിഷ്ണുത പരിശോധിക്കപ്പെടുകയാണെന്നും ബിഹാറിൽ മാധ്യമങ്ങളോട് സംസാരിക്കവേ കേന്ദ്രമന്ത്രി പറഞ്ഞു

രാമനവമി ഘോഷയാത്രയെ എതിർക്കുന്നവർ ജിന്നയുടെ മനസ്സുള്ളവരും ഉവൈസിയെ പോലുള്ളവരുമാണെന്നും രാമനവമി ഘോഷയാത്രകൾ ഇന്ത്യയിലല്ലെങ്കിൽ പിന്നെ പാകിസ്താനിലും അഫ്ഗാനിലും ബംഗ്ലാദേശിലും മറ്റു രാജ്യങ്ങളിലുമാണോ നടത്തേണ്ടതെന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും രാമനവമി ഘോഷയാത്രയെ തുടർന്ന് സംഘർഷം നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രഗ്രാമ വികസന- പഞ്ചായത്തീ രാജ് ചുമതല വഹിക്കുന്ന മന്ത്രിയുടെ പ്രതികരണം.

1947 ൽ രാജ്യത്ത് മതപരമായ വിഭജനമുണ്ടായെന്നും പിന്നീട് എന്തിനാണ് ഉവൈസിയെ പോലുള്ളവർ ഈ തെരുവിലേക്കും ആ തെരുവിലേക്കും പോകുന്നതെന്തിനാണന്ന് ചോദിക്കുന്നതെന്നും മുമ്പും നിരവധി വിവാദ പ്രസ്താവനകൾ നടത്തിയിരുന്ന മന്ത്രി ചോദിച്ചു. അവയെല്ലാം അവർ ഹിന്ദു തെരുവായും മുസ്‌ലിം തെരുവായും വേർതിരിച്ചോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വേർതിരിവുണ്ടാക്കാൻ ഈ മനസ്സ് ഇവർ ഉപയോഗിക്കുകയാണെങ്കിൽ ഈ രാജ്യത്ത് നമ്മുടെ മതാചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും തടസ്സമില്ലെന്നും വേണ്ടവരെല്ലാം നേരത്തെ പാകിസ്താനിൽ പോയിട്ടുണ്ടെന്നുമുള്ള കാര്യം ഓർക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.


സ്വാതന്ത്ര്യത്തിന് ശേഷം പള്ളികൾ നിർമിക്കുന്നത് തടഞ്ഞിട്ടില്ലെന്നും പാകിസ്താനിൽ ക്ഷേത്രങ്ങൾ തകർത്തപ്പോഴും രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വർധിച്ചെന്നും ഗിരിരാജ് സിങ് പറഞ്ഞു. രാമ നവമിയെ എതിർക്കുന്നത് ഇസ്‌ലാം- ഹിന്ദു സാംസ്‌കാരിക മൂല്യങ്ങൾ ചേർന്നുള്ള ഗംഗാ ജമുനി തഹ്‌സീബിന് എതിരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ തങ്ങളുടെ ക്ഷമ നഷ്ടപ്പെട്ടിരിക്കുകയാണെന്നും സഹിഷ്ണുത പരിശോധിക്കപ്പെടുകയാണെന്നും ബിഹാറിൽ മാധ്യമങ്ങളോട് സംസാരിക്കവേ കേന്ദ്രമന്ത്രി പറഞ്ഞു.



കർണാടകയിയെ ഹുബ്ലിയിലും ഡൽഹി ജഹാൻഗീർപുരിയിലും പൊലീസുകാർക്കെതിരെ നടന്ന അതിക്രമത്തിലും ബിഹാറിലെ ബെഗുസരായിയിൽ നിന്നുള്ള എംപിയായ അദ്ദേഹം രോഷം പ്രകടിപ്പിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ്, വെസ്റ്റ് ബംഗാൾ എന്നീ നാലു സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ആഴ്ച രാമ നവമി ഘോഷയാത്രയെ തുടർന്ന് സംഘർഷമുണ്ടായത്.

Opponents are Jinnah-minded, should Ram Navami rallies be held in Pakistan again?: Union Minister Giriraj Singh

Similar Posts