റേഷന്‍ കടകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണം; സഞ്ചികളില്‍ താമരയും-സംസ്ഥാനങ്ങളോട് ബി.ജെ.പി
|കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണം പുനഃസ്ഥാപിച്ചത്.
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം റേഷന്‍ വിതരണം ചെയ്യുന്ന കടകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ബി.ജെ.പി. കടകള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രിയുടെ ചിത്രവും സഞ്ചിയില്‍ താമരയും പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് പാര്‍ട്ടി നിര്‍ദേശം.
ബി.ജെ.പി ജനറല്‍ സെക്രട്ടറി അര്ജുന് സിങ്ങാണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഭക്ഷ്യപദ്ധതി പരസ്യപ്രചാരണത്തിന് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണം പുനഃസ്ഥാപിച്ചത്. ഒരു വ്യക്തിക്ക് അഞ്ച് കിലോ എന്ന തോതിലാണ് ഓരോ മാസവും ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ വരുന്ന 80 കോടി ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റുകളില്‍ മോദിയുടെ ഫോട്ടോ ഉള്‍പ്പെടുത്തണമെന്ന് മുഴുവന്‍ സംസ്ഥാനങ്ങളോടും കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇത് തള്ളിയ ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ അവരുടെ മുഖ്യമന്ത്രിമാരുടെ ചിത്രം വെച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.