സിദ്ധരാമയ്യ തന്നെ രാമനാണ്, പിന്നെന്തിന് ബി.ജെ.പിയുടെ രാമനെ ആരാധിക്കാൻ പോകണമെന്ന് കോൺഗ്രസ് നേതാവ്
|അയോധ്യയിലെ രാമക്ഷേത്രം ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും മുൻമന്ത്രി
ബംഗളൂരു: സിദ്ധരാമയ്യ തന്നെ ശ്രീരാമനാണ് പിന്നെന്തിനാണ് അയോധ്യയിൽ പോയി ബി.ജെ.പിയുടെ രാമനെ ആരാധിക്കുന്നതെന്ന് കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ഹോളൽകെരെ ആഞ്ജനേയ.അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് സിദ്ധരാമയ്യയെ എന്തുകൊണ്ടാണ് ക്ഷണിക്കാത്തതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സിദ്ധരാമയ്യ തന്നെ രാമനാണ്. പിന്നെ എന്തിനാണ് അയോധ്യയിലുള്ള ബി.ജെ.പി രാമനെ ആരാധിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രം ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. അവിടെയുള്ളത് ബി.ജെ.പിയുടെ രാമനാണ്. ഞങ്ങളുടെ രാമൻ ഞങ്ങളുടെ ഉള്ളിലാണ് വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ’
തനിക്ക് രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. ക്ഷണം ലഭിച്ചാൽ മാത്രമെ ചടങ്ങിൽ പങ്കെടുക്കുന്നതുൾപ്പടെയുള്ള കാര്യം പരിഗണിക്കുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതെസമയം അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെങ്കിലും പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ്‍വീന്ദർ സിങ് സുഖു. ജനുവരി 22 ന് നടക്കുന്ന ചടങ്ങിലേക്ക് കോൺഗ്രസിലെ മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഖെ തുടങ്ങിയവർക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കുക്കുമോ ഇല്ലയോ എന്നതിൽ പാർട്ടി ഇതുവരെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. അതിനിടയിലാണ് കോൺഗ്രസ് മുഖ്യമന്ത്രി നിലപാട് പ്രഖ്യാപിച്ചത്.
‘ഇതുവരെ അയോധ്യയിൽ നിന്ന് ക്ഷണമൊന്നും ലഭിച്ചിട്ടില്ല, പക്ഷേ ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും ശ്രീരാമനാണ് നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രം, അദ്ദേഹം കാണിച്ച പാത പിന്തുടരുമെന്നും’ സുഖ്‍വീന്ദർ സിങ് സുഖു മാധ്യമങ്ങളോട് പറഞ്ഞു.
അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ പരസ്യ പ്രതികരണം കോൺഗ്രസ് ഹൈക്കമാൻഡ് വിലക്കിയിരുന്നു . ബിജെപിയുടെ വലയിൽ വീഴരുതെന്നാണ് നേതാക്കൾക്ക് നൽകിയ നിർദേശം. നേതാക്കളുടെ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിൽ പങ്കെടുക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. കോൺഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കരുത് എന്നാണ് യുപി പിസിസി യുടെ ആവശ്യം. ഇൻഡ്യാ മുന്നണിയിലും ഇക്കാര്യത്തിൽ രണ്ടഭിപ്രായമായി.
ഗുജറാത്തിലെ സോമനാഥക്ഷേത്രം പുതുക്കിപണിഞ്ഞ ശേഷം നടന്ന സമർപ്പണ ചടങ്ങിൽ പങ്കെടുക്കരുത് എന്ന് വ്യക്തമാക്കി അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് കത്തെഴുതിയിരുന്നു. ഭരണവും മതവും കൂട്ടികുഴക്കരുത് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ എതിർപ്പ്.
രാമക്ഷേത്ര നിർമാണവും ഉദ്‌ഘാടനവും ബിജെപി രാഷ്ട്രീയപരിപാടിയായി മാറ്റിയ സ്ഥിതിക്ക്, ഈ പരിപാടിയിൽ നിന്നും വിട്ടുനിൽക്കണം എന്നാണ് കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ പോയില്ലെങ്കിൽ ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കപ്പെടുമോ എന്ന ആശങ്ക, പ്രവർത്തക സമിതി അംഗങ്ങൾ പോലും പ്രകടിപ്പിക്കുന്നുണ്ട്. അയോദ്ധ്യയിലേക്ക് പോകില്ലെന്ന നിലപാട് ആദ്യം സ്വീകരിച്ചത്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആണ്
ഇൻഡ്യാ മുന്നണിയിലും ഭിന്നത വ്യക്തമാണ്.ക്ഷണിക്കാത്തതിലാണ്, സമാജ് വാദി പാർട്ടി എംപി ഡിമ്പിൾ യാദവിന്റെയും ജെർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊറന്റെയും പരിഭവം.ക്ഷണം ലഭിച്ചാൽ പോകും. ഉദ്‌ഘാടന ചടങ്ങിന് ശേഷം പോകും എന്ന നിലപാടിലാണ്, ഉദ്ദവ് താക്കറേയുടെ ശിവസേന. മതനിരപേക്ഷത എന്ന ആശയം ഉയർത്തി പിടിച്ചാണ്,ചടങ്ങിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിലേക്ക് ലാലുപ്രസാദ് യാദവ്,മമത ബാനർജി,നിതീഷ് കുമാർ എന്നീ നേതാക്കൾ എത്തിയിരിക്കുന്നത്