കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ ഭാര്യയ്ക്ക് പുനര്‍നിയമനം നല്‍കും: സിദ്ധരാമയ്യ
|നൂതൻ കുമാരിക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വീണ്ടും നിയമനം നല്‍കുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയ്ക്ക് പുനര്‍നിയമനം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. യുവമോര്‍ച്ച നേതാവിന്റെ ഭാര്യ നൂതൻ കുമാരി ഉള്‍പ്പെടെയുള്ളവരുടെ കരാര്‍ നിയമന ഉത്തരവ് സിദ്ധരാമയ്യ സർക്കാർ റദ്ദാക്കിയിരുന്നു. എന്നാല്‍ നൂതൻ കുമാരിയെ സര്‍വീസില്‍ തിരിച്ചെടുക്കുമെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
പുതിയ സർക്കാർ വരുമ്പോള്‍ മുൻ സർക്കാർ നിയമിച്ച താത്ക്കാലിക ജീവനക്കാരെ മാറ്റുന്നത് സ്വാഭാവിക നടപടിയാണെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. പ്രവീൺ നെട്ടാരുവിന്റെ ഭാര്യയെ മാത്രമല്ല, 150ലധികം കരാർ തൊഴിലാളികളെ സർവീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നൂതൻ കുമാരിക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വീണ്ടും നിയമനം നല്‍കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് നൂതന് കുമാരിക്ക് ജോലി നല്‍കിയത്. മംഗളുരുവിലെ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതൻ കുമാരിക്ക് നിയമനം നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൈകാര്യം ചെയ്യുന്ന മംഗളൂരു ഡെപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്റായിട്ടായിരുന്നു നിയമനം.
2022 ജൂലൈ 26നാണ് നൂതന്റെ ഭർത്താവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. ജൂലൈ 19ന് ബെല്ലാരെയില്‍ മസൂദ്, ജൂലൈ 28ന് സൂറത്കലില് ഫാസില്‍ എന്നീ യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ പ്രവീണിന്റെ കുടുംബത്തെ മാത്രം സന്ദര്‍ശിച്ച് നഷ്ടപരിഹാരം പ്രഖ്യാപിച്ച അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.