കർണാടകയിൽ വിണ്ടും'ഓപ്പറേഷൻ താമരക്ക്' ശ്രമം; 100 കോടിയുമായി എംഎൽഎമാരെ സമീപിച്ചെന്ന് സിദ്ധരാമയ്യ
|കഴിഞ്ഞവർഷം 50 കോടിയാണ് വാഗ്ദാനം ചെയ്തതെങ്കിൽ ഇപ്പോഴത് 100 കോടിയായി ഉയർത്തിയെന്നും കോൺഗ്രസ് എം.എൽ.എ
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിനെ താഴയിറക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ രംഗത്ത്. എം.എൽ.എമാർക്ക് 100 കോടി വരെയാണ് ബി.ജെ.പിയുടെ വാഗ്ദാനമെന്നും സിദ്ധരാമയ്യ ആരോപിച്ചു.
ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് 100 കോടി രൂപ വാഗ്ദാനംചെയ്തതായി മാണ്ഡ്യയിലെ കോണ്‍ഗ്രസ് എം.എല്‍.എ രവികുമാര്‍ ഗൗഡ (രവി ഗണിഗ) ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വീണ്ടും ഓപ്പറേഷന്‍ താമരക്ക് ബി.ജെ.പി ശ്രമിക്കുന്നുണ്ടന്ന ആരോപണം ഉയര്‍ത്തിയത്.
'എം.എൽ.എ രവികുമാർ ഗൗഡ പറഞ്ഞത്,100 കോടിയാണ് ബി.ജെ.പിയുടെ വാഗ്ദാനം എന്നാണ്. കർണാടകത്തിൽ ബി.ജെ.പി അധികാരം പിടിച്ചത് തന്നെ ഓപറേഷൻ താമരയിലൂടെയാണ്. ജനങ്ങളുടെ അനുഗ്രഹത്തോടെ അവർ ഒരിക്കലും അധികാരത്തിലേറിയിട്ടില്ല. 2008ലും 2019 ലും അവർ സംസ്ഥാനത്ത് ഓപറേഷൻ താമര പയറ്റി, പിൻവാതിലിലൂടെ ഭരണത്തിലേറി', സിദ്ധരാമയ്യ പറഞ്ഞു.
'കോൺഗ്രസിന് 136 എം.എൽ.എമാർ ഉണ്ടെന്നത് ബി.ജെ.പി ഓർക്കണം. സർക്കാരിനെ താഴെയിറക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഭരണം പിടിക്കണമെങ്കിൽ 60 എം.എൽ.എമാരെയെങ്കിലും ബി.ജെ.പിക്ക് രാജിവെയ്പ്പിക്കേണ്ടി വരും. പണം കൊടുത്ത് ഞങ്ങളുടെ എം.എൽ.എമാരെ ആരേയും ചാക്കിലാക്കാൻ സാധിക്കുമെന്ന് ബി.ജെ.പി കരുതേണ്ട'- സിദ്ധരാമയ്യ വ്യക്തമാക്കി.
അതേസമയം ഒരാളും ബി.ജെ.പിയുടെ കെണിയില്‍ വീഴില്ലെന്ന് രവികുമാര്‍ ഗൗഡ എം.എല്‍.എ പറഞ്ഞു. 100 കോടിയാണ് തനിക്ക് വാഗ്ദാനം ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
'' രണ്ടുദിവസം മുമ്പ് ഒരാള്‍ വിളിച്ച് പണം തയ്യാറാണെന്നും 50 എം.എല്‍.എമാരെ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. എന്നാല്‍, 100 കോടി, കയ്യില്‍ തന്നെ വെച്ചോയെന്ന് താന്‍ മറുപടി നല്‍കി. കഴിഞ്ഞവര്‍ഷം 50 കോടിയാണ് വാഗ്ദാനംചെയ്തതെങ്കില്‍ ഇപ്പോഴത് 100 കോടിയായി ഉയര്‍ത്തിയെന്നും രവികുമാര്‍ ഗൗഡ ആരോപിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിലും, 50 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് കോൺഗ്രസ് എം.എൽ.എമാരെ കൊണ്ടുപോകാന്‍ ഒരു സംഘം ശ്രമിക്കുന്നതായി ഗൗഡ നേരത്തെയും ആരോപിച്ചിരുന്നു. നാല് നിയമസഭാംഗങ്ങളെ ബന്ധപ്പെട്ടെന്നും ഇതിന്റെ തെളിവുകളുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, കേന്ദ്രമന്ത്രിമാരായ ശോഭ കരന്ദ്ലജെ, പ്രഹ്ലാദ് ജോഷി, എച്ച്ഡി. കുമാരസ്വാമി (ജെഡിഎസ്) എന്നിവരാണ് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിക്കുന്നത് എന്നാണ് ഗൗഡ ആരോപിക്കുന്നത്.
'136 എം.എൽ.എമാരുള്ള കോൺഗ്രസ് സർക്കാർ, പാറ പോലെ ശക്തമാണ്, അതിനൊരു ജനപ്രിയ മുഖ്യമന്ത്രിയുമുണ്ട്, പാവപ്പെട്ടവരോടൊപ്പം നിലകൊള്ളുന്ന സര്‍ക്കാറിനെ ഇളക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും'- അദ്ദേഹം വ്യക്തമാക്കി. അതിനിടെ മുഡ ഭൂമിയിടപാട് കേസിൽ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു.